തുള്ളലുകളിലെ ഫലിതം
മനുഷ്യൻ്റെ മൗഢ്യത്തെ ഇതിലധികം ചിത്രീകരിച്ചു പരഹസിക്കുവാൻ ഏതൊരാൾക്കാണ് കഴിയുന്നതു്? പക്ഷെ സ്വസമുദായത്തെ നന്നാക്കണമെന്നുള്ള താല്പര്യമല്ലാതെ ഈ പരിഹാസത്തിൽ കവിക്കു മറെറാരുദ്ദേശ്യമില്ലെന്നു ഇതു സ്പഷ്ടംതന്നെ. നിഷധത്തിൽനിന്നും കുണ്ഡിനപുരിയിലേക്കു പോകുന്ന മാർഗ്ഗത്തിലാണോ കേരളം കിടക്കുന്നത് എന്നും മററും ആരും അന്വേഷിക്കുവാൻ പുറപ്പെടേണ്ടതില്ല. നമ്പ്യാരുടെ കവിത വായിച്ചുരസിക്കുന്ന ഒരാൾക്ക് അങ്ങനെ ഒരു വിഡ്‌ഡിത്തം പിണയുകയില്ലെന്നുള്ളതും തീർച്ചതന്നെ. ഘോഷം, കാണുകയോ കേൾക്കുകയൊ എന്നു സംശയമുള്ളവർ നമ്പ്യാരോടുതന്നെ അക്കാര്യം ചോദിച്ചറിയേണ്ടതാണു്.
കല്യാണസൗഗന്ധികത്തിൽ വേടരുടെ നായാട്ടു, വണ്ണിക്കുന്നിടത്തെ ചില പൊടിക്കൈകൾ നോക്കുക. പോത്തുകൾ അവയുടെ കൂർത്തകൊമ്പുകൾ ഉലച്ചുകൊണ്ടും, പലതും വെട്ടിത്തകർത്തുകൊണ്ടും നേരിട്ടുവരുന്നതുകണ്ടു ഒരു വേടൻ ഭയപ്പെട്ടു ‘വീർത്തു വിയർത്തോടിച്ചെന്നൊരു കുണ്ടുകിണറ്റിൽച്ചാടി’ മരിക്കാതെ മരിക്കുന്നു. പേടിച്ചോടുന്ന വേറൊരു വേടൻ അബദ്ധത്തിൽ കടുവായുടെ വായിൽചെന്നുപതിക്കുന്നു. അതു കണ്ടുനിന്നിരുന്ന ഒരു കുന്തക്കാരനു് ഒട്ടും സഹിച്ചില്ല. പക്ഷെ, “കടുതാകിന കോപം പൂണ്ടഥ മീശഞെറുമ്പിച്ചുടനേ” സ്വഭവനംനോക്കി പ്രാണനുംകൊണ്ടു പായുകയാണു് ആ വീര്യശാലി ചെയ്യുന്നതു് .
