അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

ഫലിതപ്രയോഗ വിഷയത്തിൽ നമ്പ്യാരുടെ മാർഗ്ഗദർശികൾ, പക്ഷെ, ചാക്യാന്മാരോ ചമ്പുകർത്താക്കന്മാരോ ആയിരിക്കാം. ചാക്യാന്മാർ സ്വതഃസിദ്ധമായ വാഗ്‌ധാടിയോടുകൂടി സന്ദർഭങ്ങളുണ്ടാക്കി ചുററും കൂടിയിരിക്കുന്ന ജനസഞ്ചയത്തിൻ്റെ കുററങ്ങളും കുറവുകളും പരിഹാസരൂപത്തിൽ വിമർശിച്ചു് കൃത്യാകൃത്യോപദേശം ചെയ്യാറുണ്ടല്ലൊ. തുള്ളൽക്കഥകൾമൂലം നമ്പ്യാരും അതുതന്നെയാണു ചെയ്തിട്ടുള്ളതു്. പുരാണകഥനം എന്നുള്ള വ്യാജേന കേരളത്തിൽ അന്നുള്ള നായന്മാർ, നമ്പൂതിരിമാർ, പരദേശബ്രാഹ്മണർ തുടങ്ങിയ സമുദായങ്ങളുടെ ജീവിത രീതിയേയും, ദുർഭരണം നടത്തിയിരുന്ന നാടുവാഴികളുടെ സ്വഭാവത്തേയുമാണു് നമ്പ്യാർ സ്വകാവ്യങ്ങളിൽ രസികത്വത്തോടുകൂടി പരിഹസിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നു.

പോപ്പുമുതലായ ആംഗല സാഹിത്യകാരന്മാരുടെ പരിഹാസരീതി നമ്പ്യാരുടേതിൽനിന്നു് അല്പം ഭിന്നമാണു്. അവരിൽ ചിലർ, ഓരോ പ്രത്യേകോദ്ദേശ്യത്തെ ലാക്കാക്കി വ്യക്തിപരമായ പരിഹാസത്തിനാണു അധികവും ശ്രമിച്ചിട്ടുള്ളത്. പോപ്പു മുതലായവരുടെ സ്ഥാനത്തു മലയാളത്തിൽ വെണ്മണിനമ്പൂരിപ്പാടന്മാരെ വേണമെങ്കിൽ ഉൾപ്പെടുത്തിപ്പറയാവുന്നതാണ്. അവർ പുരുഷപരമായ പരിഹാസത്തിനാണല്ലൊ പ്രാധാന്യം നല്കിപ്പോന്നിട്ടുള്ളത്.