തുള്ളലുകളിലെ ഫലിതം
ഇങ്ങനെ ഹാസത്തിനു വകയുള്ള ഭാഗങ്ങൾ സന്ദർഭമില്ലെങ്കിൽതന്നെയും ഉണ്ടാക്കി നമ്പ്യാർ സ്വകൃതികളിൽ പ്രയോഗിക്കുന്നതു് ആളുകളെ മനഃപൂർവ്വം ചിരിപ്പിക്കുവാൻ മാത്രമാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ. ഇനി വേറൊരു രംഗം നോക്കുക:-
ഇന്ദ്രപ്രസ്ഥത്തിലേയ്ക്കു് പോകുവാൻ ദുര്യോധനാദികൾ തയ്യാറാകുന്നു. അനന്തരം അവർ ധൃതരാഷ്ട്രരോടു യാത്രചോദിക്കാൻ ചെല്ലുന്ന ഒരു ഭാഗം അത്യന്തം മന്ദസ്മിതജനകമാണു് –
“ജനകനും കണ്ണുകാണാ, ജനനിക്കും കണ്ണുകാണാ
തനയന്മാരരികത്തു ചെന്നു കൂപ്പിച്ചുമച്ചപ്പോൾ
ചുമയ്ക്കുന്നാരെടാ’യെന്നു ധൃതരാഷ്ട്രഗിരം കേട്ടു
ചുമയ്ക്കുന്നതടിയങ്ങൾ’ എന്നവരുമുണർത്തിച്ചു.”
ഇന്ദ്രപ്രസ്ഥത്തിൽ ചെന്നെത്തിയ ദുര്യോധനാദികൾക്കു സ്ഥലജലഭ്രമം നേരിട്ടതിനാൽ,
“നീരുള്ള ദിക്കെന്നുറച്ചു പതുക്കെ
നീന്തുവാനുള്ളോരു വട്ടങ്ങൾ കൂട്ടി
വീരാളിപ്പട്ടുമുരച്ചുകയററി
വീരൻ പതുക്കപ്പദംകൊണ്ടുതപ്പി
പിമ്പിൽനടക്കുന്ന തമ്പിമാരെല്ലാം
മുമ്പിൽനടക്കുന്ന ചേട്ടനേപ്പോലെ
ചന്തത്തിലുള്ളൊരു പട്ടുമുയർത്തി
കുന്തിച്ചു കുന്തിച്ചു യാത്രതുടങ്ങി.”
