തുള്ളലുകളിലെ ഫലിതം
“മാനിനിമാർ മണിയാളാം ദ്രൗപദിയും കരംകൊണ്ട്-
ങ്ങാനനത്തെ മറച്ചാശു മന്ദഹാസം”
ചെയ്യുന്നതു് അതിലേറെ മർമ്മഭേദകമായിരിക്കുന്നു. ഗാന്ധാരീതനയനെ അപഹസിക്കുന്ന വിഷയത്തിൽ ഭീമൻ്റേയും പാഞ്ചാലിയുടേയും പ്രകൃതി എത്ര സ്‌ഫുടമായും ഫലിതമയമായും കവി പ്രകാശിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക! കുലകന്യകയായ പാഞ്ചാലി, ശാലീനമായ വിനയത്തോടെ തുറന്ന ചിരിയെ അടക്കി മുഖംമറച്ചു മന്ദഹസിക്കുന്നതായി കാണിച്ചിട്ടുള്ളിടത്തെ രസികത ആലോചനാമൃതവും അനുഭവവേദ്യവുമായിരിക്കുന്നു! മനുഷ്യസ്വഭാവത്തിൻ്റെ സൂക്ഷ്മാംശങ്ങളെ വേണ്ടപോലെ വിലോകനം ചെയ്തിട്ടുള്ള ഒരു കവിക്കല്ലാതെ ഇമ്മാതിരി മർമ്മജ്ഞത സിദ്ധിക്കയില്ലെന്നുള്ളതു തീർച്ചതന്നെ. നമ്പ്യാരുടെ നൈസർഗ്ഗീകമായ രസികത്വവും, വിവേചനാശക്തിയും വികസിതമായി വിഹരിക്കുന്ന ഈ ദൃശങ്ങളായ എത്രയെത്ര ഫലിത പ്രയോഗങ്ങൾ വേണമെങ്കിലും തുള്ളൽക്കഥകളിൽനിന്ന് ഉദ്ധരിക്കുവാൻ കഴിയുന്നതാണ്.
