അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

നമ്പ്യാരും, അക്കാലത്തെ കേരളീയസമുദായങ്ങളെ സ്വവാക്ശരങ്ങൾക്കു ലക്ഷ്യമാക്കിത്തീർക്കാതിരുന്നിട്ടില്ല. എന്നാൽ, സന്മാർഗ്ഗ നിഷ്ഠയും കർത്തവ്യബോധവും തത്തൽ സമുദായങ്ങളിൽ വേരുറപ്പിച്ചു നിർത്തണമെന്നുള്ള ഉദ്ദേശ്യമേ നമ്പ്യാർക്കു് അക്കാര്യത്തിൽ ഉണ്ടായിരുന്നുള്ള. ആ ഉദ്ദേശ്യലബ്ധിക്കു രണ്ടു മാർ​ഗ്​ഗങ്ങൾ മാത്രമേ അദ്ദേഹത്തിനു സ്വീകരിക്കത്തക്കതായിട്ടുണ്ടായിരുന്നുള്ള. സമുദായത്തിൻ്റെ മഹിമയെ — മെച്ചമേറിയഭാഗങ്ങളെ — പ്രത്യക്ഷപ്പെടുത്തി ജനസമുദായത്തെ നീചമാർ​ഗ്​ഗങ്ങളിൽ ചരിപ്പി ക്കാതിരിക്കുക എന്നുള്ളതൊന്നു്. ദോഷഭാഗങ്ങളെ വെളിപ്പെടുത്തി — വഷളത്തത്തെ തുറന്നുകാട്ടി — ലജ്ജിപ്പിച്ചു സൽപഥത്തിലേയ്ക്കു് പിന്തിരിയുവാൻ പ്രേരിപ്പിക്കുക എന്നതു മറെറാന്നു്. ഇതിൽ രണ്ടാമത്തെ മാർഗ്ഗമാണു് നമ്പ്യാർ സ്വീകരിച്ചതു്. തുള്ളൽക്കവിതകൾ ദൃശ്യകാവ്യങ്ങൾ ആകയാൽ (പ്രത്യേകിച്ചും അന്നു്) രംഗസ്ഥരായ സാമാന്യജനങ്ങളെ രസിപ്പിക്കുന്നതിനു് ഈ മാർഗ്ഗമെ അധികം ഉപകരിക്കയുള്ള എന്നു നമ്പ്യാർക്ക് അഭിപ്രായവുമുണ്ടായിരുന്നു. അതിനാലത്രെ എഴുത്തച്‌ഛൻ ഭക്തിരസത്തെ എന്ന പോലെ, നമ്പ്യാർ ഫലിതരസത്തെ — പരിഹാസരസത്തെ — തുള്ളലുകളിൽ സ്ഥായിയായി സ്വീകരിച്ചിട്ടുള്ളത്. അല്ലാതെ ഒരു സമുദായത്തെ ആക്ഷേപിച്ചിട്ടു മറെറാരു സമദായത്തിനു അദ്ദേഹം നിനയ്ക്കുക പോലും ചെയ്തിട്ടില്ല. വൈകല്യം എവിടെ കാണുന്നുവോ, അവിടെ ആക്ഷേപിക്കുക ഇതായിരുന്നു നമ്പ്യാരുടെ സമ്പ്രദായം. കവിയുടെ ഈ ഉദ്ദേശ്യശുദ്ധികൊണ്ടുതന്നെയാണു്’, പരിഹാസരസികനായ അദ്ദേഹത്തോടു് ആർക്കും തന്നെ പകയോ അതൃപ്തിയോ ഇല്ലാതിരിക്കുന്നതും.

“ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല,
ഒരുത്തന്നും പ്രിയമായിപ്പറവാനും ഭാവമില്ല.”
“പരബോധം വരുത്തുവാനെളുതല്ലെന്നിരുന്നാലും
ഉരിയാടാതിരിപ്പാൻ ഞാൻ പഠിച്ചില്ല കാണിപോലും”
“പരമാർത്ഥം പറയാമടിയന്നൊരു

എന്നിങ്ങനെ പല തുള്ളലുകളിലും അദ്ദേഹം തൻ്റെ ഉദ്ദേശ്യശുദ്ധിയെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇനി, എങ്ങിനെയെല്ലാമാണു നമ്പ്യാർ ഈ ഹാസ്യ രീതിയെ ആവിഷ്കരിക്കുന്നതെന്നു ചില ദൃഷ്ടാന്തങ്ങളെക്കൊണ്ടു നമുക്കു പരി ശോധിക്കാം.