തുള്ളലുകളിലെ ഫലിതം
ഒടുവിൽ ഗത്യന്തരമില്ലാതെ തീർന്ന ഭീമൻ ഗന്ധർവ്വനെ ജയിച്ചു നൂറ്റുവരെ രക്ഷിക്കാൻ അർജുനനൊന്നിച്ചു പോകുന്നു. ചിത്രസേനനെ നിഷ്പ്രയാസം വെന്നതിൽ പിന്നെ, നൂറ്റുപേരെ ബന്ധനത്തിൽനിന്നു മോചിപ്പിക്കുമ്പോൾ ഭീമസേനൻ പ്രവർത്തിക്കുന്ന നേരമ്പോക്കുകൾ നോക്കുക:-
“കെട്ടുകളൊക്കെയഴിപ്പാൻ രഥമതി-
ലിട്ടുപിരട്ടിയുരുട്ടി ചിലരുടെ
കുടുമപിടിച്ചു വലിച്ചും ചിലരുടെ
താടി പറിച്ചും മീശ പറിച്ചും
മോടി കുറച്ചും തട്ടിമറിച്ചും
കെട്ടഴിയാതുള്ളതു പൊട്ടിച്ചും പണി-
പെട്ടു രഥത്തേൽ നിന്നു നിലത്തെ-
യിട്ടു തുടങ്ങി മടങ്ങാതെ തല-
തൊട്ടെണ്ണി സ്വരൂപിച്ചൊരു ദിശി”
‘എണ്ണം നൂറുമിതൊപ്പിപ്പാൻ’ ആ രസികനു കൈകൾ തളരുകയാൽ ഇടയ്ക്കു ധനഞ്ജയൻ്റെ സഹായം ആവശ്യപ്പെടാതെയുമിരിക്കുന്നില്ല. ഒടുവിൽ, ദുര്യോധനാദികളുടെ എണ്ണം തെറ്റിപ്പോകാതിരിപ്പാൻ ‘ധൂർത്തന്മാരെ ഓരോലയിലൊക്കെ – ചാർത്തിവിടാഞ്ഞാൽ ദൂഷണമുണ്ടാകു’മെന്നു തീരുമാനിച്ചു് അതിലേയ്ക്കായി കണക്കപ്പിള്ളമാരേയും മേനോക്കിയച്ചന്മാരേയും അന്വേഷിച്ചുതുടങ്ങുന്നു. അനന്തരം സുയോധനാദികളുടെ നെററിയിൽ നമ്പരുകൾ ചാർത്തി ആ വീര്യശാലി അവരെ അനുഗ്രഹച്ചയക്കുന്നു. ഭീമസേനൻ്റെ പ്രകൃതയെ ഫലിതപൂർണ്ണമായി വർണ്ണിക്കുവാനും തദ്ദ്വാരാ അഹംകാരികളായ ദുര്യോധനാദികളുടെ ഔദ്ധത്യത്തേയും നിസ്സഹായതയേയും അപഹസിക്കുവാനും നമ്പ്യാർ പ്രയോഗിച്ച ഈ കൗശലം അത്യന്തം അഭിനന്ദനിയമെന്നേ പറയാവൂ. മദാന്ധന്മാരായി പരാക്രമപ്രകടനത്തിനു പുറപ്പെട്ട ദുര്യോധനാദികൾക്കു് ഇങ്ങനെ “നിരുപിക്കാത്തൊരു നാണക്കേടഥ വിരവൊടുകിട്ടി?” അവർ തലയുംതാഴ്ത്തി ഹസ്തിനപുരിയിൽ ചെന്നു ചേരുകയും ചെയ്യുന്നു. പോരേ? ഒന്നാന്തരം പരിഹാസകവിത! കാന്താസമ്മിതമായ സന്മാർഗ്ഗോപദേശം!! ഇതുപോലെതന്നെ ഭീമൻ, രാവണൻ, ദേവേന്ദ്രൻ തുടങ്ങിയ വീരോദ്ധതന്മാരുടെ ദുരഹങ്കാരം അവരെ എത്രമാത്രം വങ്കന്മാരും വിഡ്ഢികളുമാക്കിത്തീർത്തിട്ടുണ്ടെന്നുള്ളതു കല്യാണസൗഗന്ധികം, കാർത്തവീര്യാർജുനവിജയം, പഞ്ചേന്ദ്രോപാഖ്യാനം മുതലായ തുള്ളൽക്കഥകൾകൊണ്ടു നമ്പ്യാർ വ്യക്തമാക്കിയിരിക്കുന്നു.
