തുള്ളലുകളിലെ ഫലിതം
നമ്പ്യാരുടെ പരിഹാസം എവിടെയും ശത്രുമിത്ര ഭേദംകൂടാതെയാണു പ്രവഹിക്കാറുള്ളത്. പാണ്ഡവകഥകളാണല്ലൊ തുള്ളൽക്കഥകളുടെ ഇതിവൃത്തങ്ങളിൽ അധികവും. കവി പാണ്ഡവപക്ഷപാതിയുമാണു്. ഇങ്ങനെയൊക്കെ ആണെങ്കിലും അഹംബുദ്ധിയും ഔദ്ധത്യവും കണ്ടാൽ അവരിലുള്ള പക്ഷപാതമെല്ലാം കവി വിസ്മരിച്ചുപോകുന്നു. അടുത്ത നിമിഷത്തിൽ അവരുടെ അഹങ്കാരാദിദുർഗുണങ്ങളെ അടിച്ചുടച്ചിട്ടേ നമ്പ്യാർ മുന്നോട്ടു ഗമിക്കയുള്ള. കല്യാണസൗഗന്ധികത്തിൽ ‘സത്വരാഹങ്കാരഗംഭീരപുരുഷനാ’യി പുറപ്പെട്ട ഭീമസേനൻ്റെ ദുർമ്മദം, “കൈകളും കാലും കുഴഞ്ഞു, വാലുമക്കാലും മെലിഞ്ഞ കൈകളെക്കൊണ്ടു ചൊറിഞ്ഞ്, രോമമെപ്പേരും കൊഴിഞ്ഞു, മേനിയും ചുക്കിച്ചുളിഞ്ഞു, കണ്ണിനുകാഴ്ച കുറഞ്ഞു പീളയും വന്നുനിറഞ്ഞു’ വഴിയിൽ ശയിക്കുന്ന ഒരു വൃദ്ധവാനരനേക്കൊണ്ടു ശമിപ്പിക്കുവാനാണു നമ്പ്യാർ ശ്രമിക്കുന്നതു്.
“തുമ്പിക്കരംകൊണ്ടു മുമ്പിൽ പലപല
വമ്പിച്ച വന്മരക്കൊമ്പും പിടിച്ചൊടി-
ച്ചമ്പോടടുക്കുന്ന വമ്പൻ കൊലയാന-
ക്കൊമ്പൻ്റെ കൂത്തുള്ള കൊമ്പു രണ്ടും പിടി-
ച്ചമ്പതു ചുററുകളിമ്പം കലർന്നാശു
മുമ്പിൽ കളിപ്പിച്ച വൻപൻ വൃകോദരൻ”
