തുള്ളലുകളിലെ ഭാഷ.
തുള്ളൽക്കഥകളുടെ പ്രചാരത്തിനും മാഹാത്മ്യത്തിനും ഹേതുവായിട്ടുള്ള ഒരു പ്രധാന സംഗതി അവയിലെ ഭാഷാരീതിയത്രെ. ഭൂരിപക്ഷത്തിൻ്റെ ആവശ്യത്തെ മുൻനിറുത്തിയാണു് നമ്പ്യാർ കവിത നിർമ്മിച്ചിട്ടുള്ളതെന്ന് ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. നാളികേരപാകത്തിലുംമറ്റുമുള്ള മണിപ്രവാളകവിത പാണ്ഡിത്യമുള്ളവർക്കേ വായിച്ചു രസിക്കുവാൻ സാധിക്കുകയുള്ള. നമ്പ്യാരുടെ കവിതയാകട്ടെ ഭടജനങ്ങളെപ്പോലുള്ള സാമാന്യ ജനങ്ങൾക്കു ഗ്രഹിക്കുവാനുള്ളതുമാണു്. അതിനാൽ പച്ച മലയാളത്തിൽ കാര്യങ്ങൾ പച്ചയാക്കി പറയുവാനാണു് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ;
കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവികേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല തിരിക്കുമൊക്കെയുമേററുടൻ;
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല, വിശേഷഭൂഷണമായ്വരും;
വേഷസംഗതിയോടു ചേർന്നൊരു ഭാഷവേണമതെങ്കിലേ
ശേഷമുള്ള ജനത്തിനും പരിതോഷമെന്നുവരൂ ദൃഢം.’
എന്നു സഭാപ്രവേശത്തിൽ അദ്ദേഹം ആ സംഗതി വക്തമാക്കിയിട്ടുമുണ്ടു്. സംസ്കൃത ഭാഷയിൽ നമ്പ്യാർക്കുള്ള അപാണ്ഡിത്യം കൊണ്ടല്ല ഇപ്രകാരം ചെയ്തിട്ടുള്ളതെന്നും നാം ഈയവസരത്തിൽ ഓർക്കേണ്ടതാണു്. സംസ്കൃതത്തിൽ അനേകം മഹാകാവ്യങ്ങളും നാടകങ്ങളുംമററും നിർമ്മിക്കുവാൻ ശക്തിയുണ്ടായിരുന്ന ഒരു കവിക്കു സംസ്കൃത ഭാഷയിൽ പാണ്ഡിത്യമുണ്ടായിരുന്നില്ലെന്നു ആരെങ്കിലും പറയുമോ?
