തുള്ളലുകളിലെ ഭാഷ.
നമ്പ്യാർ ഭാഷയുടെ ശുദ്ധിയിൽ ഏറെ ദൃഷ്ടിവച്ചിട്ടില്ലെന്നു പലരും ആക്ഷേപിച്ചു പറയാറുണ്ടു്. ആ ആക്ഷേപത്തിൽ വാസ്തവം ഇല്ലാതെയുമില്ല. എന്നാൽ നമ്പ്യാരുടെ ഉദ്ദേശ്യം പണ്ഡിതന്മാരെ രസിപ്പിക്കാനല്ലെന്നുള്ളതും നാം ഈയവസരത്തിൽ ഓർക്കേണ്ടതാണു്. എഴുത്തച്ഛൻ്റെ കവിത ശരന്നദിപോലെയാണെങ്കിൽ അതു് എല്ലാവർക്കും അനുഭവയോഗ്യമായും സുഖപ്രദമായും ഭവിക്കുന്നില്ല. നമ്പ്യാരുടെ കവിതയാകട്ടെ വർഷാനദിപോലെ ശക്തിമത്തും എല്ലാവർക്കും സന്തോഷകരവുമാകുന്നു. ‘ഉന്നതമായ ഗിരിശിഖരത്തിൽനിന്നു് ആർഭാടത്തോടുകൂടി കുത്തിപ്പാഞ്ഞു തുള്ളിച്ചാടി കരയടിച്ചുതകർത്തു പ്രവഹിക്കുന്ന ഒരു മഹാനദിയാണു നമ്പ്യാരുടെ കവിത.’ നിരങ്കുശമായ അതിൻ്റെ ശീഘ്രപ്രവാഹത്തിൽ ചില കല്ലുകളും കരടുകളും മററും കടന്നുപോയിട്ടുണ്ടായിരിക്കാം. എന്നാൽ അവ “അങ്കം ശശാങ്ക കിരണങ്ങളിലെന്നപോലെ’ ഇതരഗുണജാലങ്ങളിൽ ലയിച്ചുപോകുവാൻ മാത്രമേയുള്ളു. “അമ്മാപാപി”, “തണ്ടുതപ്പി”, “പേടിത്തൊണ്ടൻ”, “തോക്കെടാതെ”, “ധാവതിചെയ്തു”, എന്നുതുടങ്ങി അസംസ്കൃതങ്ങളെന്നു തോന്നുന്ന അത്തരം ചില പദങ്ങളേയും പ്രയോഗങ്ങളേയും “കവിപ്രയോഗതഃ സാധു” എന്നു കല്പിച്ചു നാം ബഹുമാനിക്കേണ്ടതുതന്നെയാണു്.
