അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

പ്രതിപാദ്യവിഷയത്തെ ശ്രോതാക്കൾക്കു് എത്രയും ഹൃൽഗതമാക്കിക്കൊടുക്കുന്നതിനു നമ്പ്യാർ ഭാഷാരീതിയിൽ വേറ്റൊരു കൗശലവും കൂടി പ്രയോഗിക്കാറുണ്ടു്. കഥാപാത്രങ്ങളുടെ ഭാഷയെ സന്ദർഭോചിതമായി അനുകരിക്കുകയെന്നുള്ളതാണു് ആ സമ്പ്രദായം. രാവണസന്ദേശവും കൊണ്ടു കാർത്തവീയാർജുന” അടുക്കൽ പോയി വന്ന ചിത്രയോധി, ശിവപൂജയിൽ ഏർപ്പെട്ടിരുന്ന രാവണനെ വർത്തമാനമറിയിക്കുന്നു. ജപപൂജാദികൾക്കുമദ്ധ്യേ ദേശഭാഷയിൽ സംസാരിച്ചുകൂടെന്നുള്ള വിധിയനുസരിച്ചു രാവണൻ ചിത്രയോധിയോടു മറുപടി പറയുന്നതു്,

‘അർജുനസ്യമയി കിം ബഹുമാനം
നാസ്തി തസ്യ ബഹുകഷ്ടമിദാനീം
ദുർജ്ജനസ്യ ഗുണദോഷവിചാരോ
ദുർല്ലഭോ ജഗതി കിം കഥനിയം’

എന്നിങ്ങനെ സംസ്കൃതവാക്കുകൾകൊണ്ടാണു്, ജളപ്രഭൂവായ രാവണ’ വങ്കത്വവും അതിലുള്ള രസികത്വവും ഇവിടെ എത്രമാത്രം അനുഭവയോഗ്യമാക്കിത്തീർത്തിരിക്കുന്നു. അതുപോലെതന്നെ നാളായണീചരിതത്തിൽ മൗൽഗൃ്യൻ പ്രാതഃസ്നാനം കഴിഞ്ഞുവരുമ്പോൾ ബ്രാഹ്മണിയോടു സംസാരിക്കുന്നതും സംസ്കൃതത്തിലത്രെ. ആ ദമ്പ തിമാർ ഓരോ ദേശത്തിൽ ചെല്ലുമ്പോൾ അതാതുദേശത്തിലെ വേഷഭാഷാദികൾ സ്വീകരിക്കുന്നു. ‘സ്വൈരമായ് പാണ്ടിയിൽചെന്നൊരു പട്ടരായ് നടകൊണ്ടപ്പോൾ, ‘

“മാനിനിയിങ്കേവാരും സാപ്പാടെങ്കേയാനാൽ കിടയാതോ?”