തുള്ളലുകളിലെ ഭാഷ.
ഇതിൽ രാവണനെ വലിയൊരു വഞ്ചിയോടും, അയാളുടെ കൈകളെ ഇരുപതു തണ്ടുകളോടും ഉപമിച്ചിട്ടുള്ളതിലുള്ള സ്വാരസ്യം അനുഭവവേദ്യമായിരിക്കുന്നു. ചമ്പക്കുളം മുതലായ സ്ഥലങ്ങളിൽ അന്നു നടന്നുകൊണ്ടിരുന്ന വള്ളംകളിയുടെ സ്മരണ മനസ്സിൽ വച്ചുകൊണ്ടാണു നമ്പ്യാർ ഈ ഉപമ പ്രയോഗിച്ചിട്ടുള്ളതെന്നു സ്പഷ്ടമത്രേ. കൃഷ്ണലീലയിൽ അസ്തമനസൂര്യനെ വർണ്ണിക്കുന്നതു്,
‘കനലിൽ ചുട്ടെടുത്തോരു കനകച്ചേങ്ങലപോലെ
ദിനകരനുടെ ബിംബം തുടുതുടെ നിറംതേടി.’
എന്നുള്ള ഉപമകൊണ്ടാണു്.
‘അംബുജനാളമൊഴിഞ്ഞിഹ ശൈവല-
മന്നത്തരുണികൾ മോഹിക്കുന്നോ’ (നിവാതകവചവധം)
‘രവിയോടൊക്കുമോ മിന്നാമിനുങ്ങെന്നുള്ള ജന്തുക്കൾ’
എന്നുള്ള അപ്രസ്തുത പ്രശംസകളും മററും എത്ര ഹൃദ്യങ്ങളായിരിക്കുന്നു. വർണ്ണ്യവസ്തുവിൻ്റെ സ്‌ഫുടതയ്ക്കും ഹൃദ്ദ്യതയ്ക്കും വേണ്ടിയാണല്ലൊ അലങ്കാരങ്ങൾ പ്രയോഗിക്കാറുള്ളതു്. എന്നാൽ ഗതാനുഗതികന്മാരായ ചില കവികളാകട്ടെ ‘ടീകാടുകാമപേക്ഷതേ’ എന്നു പറഞ്ഞമട്ടിൽ, ഉപമേയത്തേക്കാൾ അസ്ഫുടമായ ഉപമാനങ്ങളുംമററും തട്ടി മുളിക്കുകയാണു പതിവ്. ആ രീതി, സ്വാരസ്യത്തെ ഉളവാക്കുന്നില്ലെന്നു മാത്രമല്ല, നീരസത്തെ വർദ്ധിപ്പിക്കുകകൂടി ചെയ്യുന്നുണ്ടു്. നമ്പ്യാരുടെ അലങ്കാരപ്രയോഗങ്ങളാകട്ടെ സ്വതന്ത്രങ്ങളും സ്വപരിചയപരിധിയിൽപ്പെട്ടവയുമാണു്. അതാണു് അവയുടെ ഹൃദ്യതയ്ക്കും അധിക കാരണവും. കുഞ്ചൻനമ്പ്യാരുടെ ലോകോക്തികൾ സുപ്രസിദ്ധങ്ങളത്രേ. നാട്ടിൽ നടപ്പുള്ള പഴഞ്ചൊല്ലുകളെ തേടിപ്പിടിച്ചു പ്രയോഗിക്കുന്നതിൽ നമ്പ്യാർക്ക് ബഹുചാതുര്യമുണ്ട്. അതുപോലെതന്നെ തൻ്റെ അനുഭവത്തിൽനിന്ന് അറിയുവാൻകഴിഞ്ഞിട്ടുള്ള സംഗതികളെ ധർമ്മ സുകൃതങ്ങളായി പ്രതിപാദിക്കുവാനും അദ്ദേഹത്തിനുള്ള വൈദഗ്ധ്യം ഒന്നു വേറെതന്നെ. പൂർവകവികളിൽ യാതൊരാളും ഇത്രയേറെ സദാചാരവാക്യങ്ങളുംമറ്റും തങ്ങളുടെ കൃതികളിൽ പ്രയോഗിച്ചിട്ടുള്ളതായി കാണുന്നില്ല. തുള്ളലുകളിൽനിന്ന് ഏതാനും ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കുന്നതു് അപ്രസക്തമായിരിക്കുകയില്ലല്ലൊ.
1 “ചൊല്ലുന്ന കേൾക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലുതൊട്ടെണ്ണുവാനിച്ഛതുടങ്ങൊലാ”
2 “നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ”
- “ആദരാലെങ്കിലും കോരിവിളമ്പിയാൽ
സ്വാദില്ലയെന്നു വരുമിനി നിർണ്ണയം.”
4 “പത്യമില്ലെങ്കിൽ പറഞ്ഞതുമില്ല ഞാൻ”.
5 “വാമാക്ഷിവാക്യം പ്രമാണിക്കു കാരണം
രാമാദികൾക്കുമബദ്ധം പിണഞ്ഞുപോൽ.”
6 “കണ്ടാലറിയാൻ സമർത്ഥനല്ലെങ്കിൽ നി
കൊണ്ടാലറിയുമതിനില്ല സംശയം. “
7 “കൂനൻമദിച്ചെന്നാൽ ഗോപുരം കുത്തുമോ?“
8 “പക്ഷിന്ദ്രനുണ്ടു ഗരുഡനെന്നോർത്തിട്ടു
മക്ഷികക്കൂട്ടം മദിക്കും കണക്കിനേ…“
9 “പച്ചമാംസം തിന്നു തന്നേ വളർന്നവൻ
മെച്ചമേറും പുളിശ്ശേരി കൊതിയ്ക്കുമോ”
10 “വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോർക്കണം.”
(കല്ല്യാണസൗഗന്ധികം)
