തുള്ളലുകളിലെ ഭാഷ.
‘ഭാഷയായ്പറവാനുമടിയനു സംസ്കൃതത്തിനുമൊന്നുപോൽ
ദോഷഹീന പടുത്വമല്പമുദിപ്പതുണ്ടിവിടന്നതിൽ
ശേഷിയില്ല ഭടജ്ജനങ്ങൾ ധരിച്ചിടാ, കടുസംസ്കൃതം
ഭാഷയായ്പറയാമതിൽ ചില ദൂഷണം വരുമെങ്കിലും’
എന്നു കീചകവധത്തിൽ അദ്ദേഹംതന്നെ ഈ സംഗതി സൂചിപ്പിച്ചിരിക്കുന്നു. നമ്പ്യാരുടെ സമകാലീനരായ കവികൾ ആട്ടക്കഥകളും അതുപോലെ സംസ്കൃതപ്രചുരമായ കാവ്യങ്ങളും നിർമ്മിക്കുന്നതിലാണ് അക്കാലത്തു ശ്രദ്ധിച്ചിരു ന്നതു്. ‘തേടിപ്പോയ വള്ളി കാലിൽ ചുററി’ എന്നു പറയുന്നതിനു പകരം, “മിളിതം പദയുഗളേ നിഗളതയാ മാർഗ്ഗിതയാ ലതയാ’ എന്നുംമററും പ്രയോഗിച്ചെങ്കിലെ അവർക്കു തൃപ്തിയുള്ളു. ‘ചേറ്റിൽക്കിടക്കുന്ന പന്നിത്തടിയനെ’ ‘പങ്കേശയിക്കുന്ന പോത്രിപ്രവരനാ’ക്കിത്തീർക്കുന്ന കാലമായിരുന്നു അതു്. ഏവംവിധമായ ഒരു കാലഘട്ടത്തിലാണു് ഭൂരിപക്ഷം ജനങ്ങൾക്കു രുചിപ്രദവും സുഗ്രഹവുമായ ലളിതഭാഷതന്നെ ഉപയോഗിക്കുവാൻ നമ്പ്യാർ തീച്ചപ്പെടുത്തിയതു്. ആധുനിക മലയാളഭാഷയെ ഇത്ര സുന്ദരവും സുലളിതവുമായ ഒരു ഭാഷയാക്കിത്തീർത്തിട്ടുള്ളതു നമ്പ്യാരാണെന്നു പറയുവാൻ ഇന്നു് ആരുംതന്നെ മടിക്കേണ്ടതില്ല. എഴുത്തച്ഛൻ, മലയാള ഭാഷയെ തമിഴിൻ്റെ ദാസ്യത്തിൽനിന്നു വീണ്ടെടുത്തെങ്കിൽ, നമ്പ്യാർ സംസ്കൃതത്തിൻ്റെ ഹാസ്യമായ ദാസ്യത്തിൽനിന്നും അതിനെ വിമോചിപ്പിച്ചു എന്നു പറയാം. ഒരു നൂററൻപതു കൊല്ലങ്ങൾക്കുമുമ്പു നമ്പ്യാർ എഴുതിയ ‘ഭാഷയേറിവരുന്ന നല്ലമണിപ്രവാള’മാണ് നവീന മലയാള സാഹിത്യത്തിലെ ഏറ്റവും ചേതോഹരവും സമാദരണീയവുമായ ഭാഷാരീതി. പണ്ഡിതനും പാമരനും അതിൽ ഒരുപോലെ രസിക്കുന്നു.
