തുള്ളലുകളിലെ ഭാഷ.
‘വേണ്ടാകുമാരക! തായാട്ടുകാട്ടിയാൽ
കൊണ്ടുപോമെന്നുടേ തല്ലെന്നറിക നീ
കണ്ടകുഞ്ഞുങ്ങൾക്കു വന്നുകരേറുവാ-
നുണ്ടാക്കു വെച്ചോരു മൺകോലമല്ലെടോ
പണ്ടാരമായുള്ള സിംഹാസനങ്ങിൽ
പണ്ടാരുമേ വന്നു കേറുമാറില്ലപോൽ
ചെണ്ടകൊട്ടിപ്പാൻ വിരുതുള്ളവർചൊല്ലു-
കൊണ്ടല്ലയോ വന്നുകേറി നി ബാലക!
കണ്ടാൽ പറവാൻ മടിയില്ലിനിക്കതി-
ന്നിണ്ടലുണ്ടായാൽ തരിമ്പും ഫലമില്ല.’ (ധ്‌റുവചരിതം)
എന്നിങ്ങനെ സുഗ്രഹവും സുലളിതവും സുന്ദരവുമായ ഭാഗങ്ങൾ എത്ര എത്ര വേണമെങ്കിലും തുള്ളലുകളിൽ നിന്നു ഉദ്ധരിക്കുവാൻ കഴിയും.
‘ജനകൻറെ മടിയിൽ ചെന്നിരിപ്പാൻ ഞാൻ തുർടന്നപ്പോൾ
ജനനിയാം സുരുചിവന്നതിരേകം കോപമോടെ
മനുജർക്ക് സഹിയാത്ത വചനങ്ങളുരചെയ്തു
കനിവില്ലായ്മകൊണ്ടെന്നെ മടിയിൽനിന്നിറക്കിച്ചു
മടിയിങ്കൽ കരേറുവാനവടെ പുത്രനേയാവൂ
മിടുക്കില്ലാത്തെനിക്കിപ്പോളരുതുപോലെന്നു വന്നു
ഉടയവരെനികില്ല നൃപനെൻ്റെ താതനല്ല
പിടിപാടു നമുക്കില്ലാതായിവന്നു ഇതുകാലം.’
സുരുചിയാൽ അധിക്ഷിപ്തനായ ധ്‌റുവൻ സ്വമാതാവായ സുനിതിയുടെ അടുക്കൽ ചെന്നു സങ്കടം പറയുന്ന പ്രസ്തുത ഭാഗം വായിക്കുന്ന ഏതൊരാളാണു കരുണാരസസാഗരത്തിൽ ആറാടി സുഖിക്കാത്തത്?
