തുള്ളലുകളിലെ ഭാഷ.
വേദാന്താദിതത്വങ്ങളെപ്പോലും എത്രയും ഹൃദ്യമായ സുലളിത ഭാഷയിൽ വിശദീകരിക്കുവാൻ ഈ അനുഗൃഹീതകവിക്കു യാതൊരു പ്രയാസവുമില്ല. പുളിന്ദീമോക്ഷത്തിൽ ജാതിഭേദത്തെപ്പറ്റി പ്രസ്താവിക്കുമ്പോൾ എത്ര ഗഹനമായ വേദാന്ത തത്വത്തിലേക്കാണ് അദ്ദേഹം കടക്കുന്നതു്.
ഏവമുള്ള ശരീരങ്ങൾക്കൊക്കവേ പാർത്തുകാണുമ്പോൾ
ജീവനായിട്ടൊന്നുതന്നെ ആയതിപ്പോൾ പരബ്രഹ്മം
നൂലുകൊണ്ടു പിരിച്ചോരു ചരടിൽ പൊന്മണികോർത്തു
മാലയാക്കിദ്ധനികന്മാർ ധരിക്കുന്നു ഗളംതന്നിൽ
മുത്തുകൊണ്ടും മാലകോർക്കും പവിഴംകൊണ്ടുമുണ്ടാക്കും
പൂത്തിലഞ്ഞിക്കുരു കൊണ്ടും കുന്നികൊണ്ടും ദരിദ്രന്മാർ
എന്നപോലെ സർവ്വജാതിപ്രഭുത്വം ഭൗതികം ദേഹം
ഒന്നുകൊണ്ടു കോർത്തുകെക്കെട്ടിക്കളിപ്പിക്കുന്നിതു ദൈവം എന്നതുമൂലമാത്മാവിന്നാർക്കുമാർക്കും ഭേദമില്ല,
ഒന്നുതന്നെ ചരടുള്ളിൽ ഭൂസുരന്നും പറയന്നും.”
സംസ്കൃത ശബ്ദങ്ങളെക്കൊണ്ടല്ലാതെ ഹൃദയവികാരങ്ങളേയും പ്രൌഢവിഷയങ്ങളേയും പ്രതിപാദിക്കുവാൻ ഭാഷാപദങ്ങൾക്കു ശക്തിയില്ലെന്നു വിചാരിക്കുന്നവർ മേൽപ്രസ്താവിച്ച ഭാഗങ്ങൾ വായിച്ചു ഗ്രഹിക്കേണ്ടതു തന്നെയാണു്. എന്നാൽ, വർണ്യവസ്തുവിൻ്റെ ഗൗരവമനുസരിച്ചു ചമല്ക്കാരം വർദ്ധിപ്പിക്കുവാനും, ചിലപ്പോൾ ആർഭാടത്തിനു മാത്രമായും ഭാഷാരീതി പ്രൗഢമാക്കുന്ന സമ്പ്രദായവും നമ്പ്യാർക്കുണ്ടു്. കിരാതത്തിൽ —
‘ഗിരിശൻ ഭഗവാൻ വാണരുളുന്നൊരു
ഗിരിയുടെ മുകളിൽ ചെന്നുകരേറി
സുരവരതടിനീസലിലേ മുഴുകി’
അർജ്ജുനൻ ഘോരതപസ്സുചെയ്യുന്ന ഭാഗം വർണ്ണിച്ചിട്ടുള്ള സ്ഥലത്തെ ഭാഷാരീതി വർണ്യവസ്തുവിൻ്റെ ഗൗരവത്തെ വർദ്ധിപ്പിക്കുവാൻ ഏററവും പര്യാപ്തമായിരിക്കുന്നു. ഏതാദൃശഭാഗങ്ങൾ ഓരോന്നും വായിക്കുമ്പോഴാണു, മലയാള ഭാഷയുടെ മർമ്മജ്ഞനായ കവി നമ്പ്യാർതന്നെയെന്നു, ആരും തലകുലുക്കി സമ്മതിച്ചുപോകുന്നതു്.
