അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

എഴുത്തച്ഛനൊഴിച്ച്, കൈരളീപദസ്വാധീനം ഇത്രയേറെ സിദ്ധിച്ചിട്ടുള്ള ഒരു ഭാഷാകവി നമ്പ്യാർക്കു സമം നമ്പ്യാരല്ലാതെ മറെറാരാൾ ഉണ്ടായിട്ടില്ലതന്നെ.

“വാരിജോത്ഭവമുഖവാരിജവാസേ ബാലേ!
വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതി പദാവലി തോന്നണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേൽ മംഗളശീലേ!

എന്നുള്ള എഴുത്തച്ഛൻ്റെ പ്രാർത്ഥന നമ്പ്യാരുടെ വിഷയത്തിലും നന്നായി ഫലിച്ചുകാണുന്നുണ്ടു് .

“കല്യാണവാരിരാശി കല്ലോലജാലംപോലെ
നല്ലോരു തിരുമിഴിവില്ലാട്ടംകൊണ്ടു മമ
കല്യാണമരുളുക കല്യാണിവാണി ദേവി!
സല്ലാപമധുരസ സല്ലാളനങ്ങൾകൊണ്ടു –
മെല്ലാനേരവുമെന്നെ കല്ല്യാണി!
കാത്തരുൾക കല്യേ! ഭഗവതി! നീയല്ലാതെനിക്കു ഗതി-
യില്ലാ, മമ മനസി വല്ലായ്‌മ വന്നീടുന്ന-
തെല്ലാമകററി പ്രതിമല്ലന്മാരുടെ മദ-
മെല്ലാം കുറുപ്പതിനു നല്ലൊരു വചനകൌ-
ശല്യംതരിക മമ ശല്യങ്ങൾ തീർത്തരുൾക
മല്ലാധിവാസജായേ! മല്ലാക്ഷിസരസ്വതി!”

എന്നു നമ്പ്യാർ സ്വകവിതാമാർഗ്ഗം പ്രാത്ഥിച്ചിട്ടുള്ളതിൽ കൂടുതലായ ഒരു അനുഗ്രഹം കവിതാദേവി അദ്ദേഹത്തിനു പ്രദാനം ചെയ്തിട്ടുണ്ടു്.