തുള്ളലുകളിലെ ഭാഷ.
“ശബ്ദങ്ങളെദ്ദാസരെയെന്നപോലെ
ശരിക്കുകീഴ്‌നിർത്തിയ ശക്തിയുക്തൻ,
തന്നെയായിരുന്നു കുഞ്ചൻ നമ്പ്യാർ, മററുള്ള കവികൾ വിവക്ഷിതാർത്ഥത്തെ പ്രതിപാദിക്കുവാനായി എത്രക്ലേശിക്കുന്നു! ‘ശിവശിവ, കവിതാരീതി വൈഷമ്യമത്രേ!’ എന്നു നമ്പ്യാർ വിനയപ്രകടനം ചെയ്തിട്ടുണ്ടെങ്കിലും കവിതാവിഷയകമായി ഒരേടത്തും ഒരു വിഷമവും അദ്ദേഹത്തിനു പററുന്നില്ല. നമ്പ്യാരുടെ നാവിൽ നിന്നു പദങ്ങൾ തുരുതുരെയുതിരുകയാണു ചെയ്യുന്നതു്.
‘മാധുര്യഗുണങ്ങളുമക്ഷരവ്യക്തിയും വേണം
സാധുത്വം പദങ്ങൾക്കും സതതം സംഭവിക്കേണം
ബോധിപ്പിപ്പതിനുള്ള കുശലത്വമതുംവേണം
ബോധമുള്ളവർക്കുള്ളിൽ ബഹുമാനം വരുത്തേണം’
എന്നു നമ്പ്യാർ കീചകവധത്തിൽ പ്രസ്താവിച്ചിട്ടുള്ളതു സ്വകവിതയെ ഉദ്ദേശിച്ചുതന്നെയാണെന്നുള്ളതിനു സംശയമില്ല. ശബ്ദാർത്ഥങ്ങൾ നമ്പ്യാർക്കു സ്വയമേവാഗതങ്ങളത്രെ. തുള്ളലുകളിലെ ഏതുഭാഗവും ഇതിലേയ്ക്ക് ഉദാഹരിക്കാവുന്നതാകുന്നു.
