അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

“ഈരേഴുലകെന്നു പേരായ ദാരുവിൻ
നാരായവേരായ നാരായണസ്വാമി
ആരായദേവനെന്നോരായ്കമൂലമി –
പാരായവൻകടൽ പോരായദുഃഖത്തി –
ലോരായിരക്കോടി പോരാ മനുഷ്യരു-
മോരോവിധങ്ങളിൽ വീണു ദുഃഖിക്കുന്നു’

ഇങ്ങനെയുള്ള അക്ലിഷ്ടങ്ങളും അർത്ഥസംയുക്തങ്ങളുമായകാവ്യവാണിപ്രവാഹം ആരെയാണ് അത്ഭുതപരതന്ത്രരാക്കിത്തീർക്കാത്തതു്.

പദസ്വാധീനതയുടെ ഫലമായി തുള്ളലുകളിൽ കാണുന്ന ഒരു വിശേഷഗുണം പ്രാസപ്രയോഗമാണു്. പത്തും മുപ്പതും വരികളിൽ ക്ലേശരഹിതം തുടരെത്തുടരെ പ്രാസം വാരിക്കോരിച്ചൊരിയാൻ നമ്പ്യാർക്കു യാതൊരു കൂസലുമില്ല. ദ്വിതീയാക്ഷരപ്രാസം മാത്രമല്ല, അനുപ്രാസം, ആദിപ്രാസം, അന്ത്യപ്രാസം, യമകം മുതലായ ശബ്ദാല ങ്കാരങ്ങളെല്ലാംതന്നെ തുള്ളലുകളിൽ പ്രയോഗിച്ചിട്ടുണ്ടു്.

“പലവടിവും വന്നു ചമഞ്ഞു
തലമുടിയും വന്നു തികഞ്ഞു
ശിശുതകഴിഞ്ഞു വശതകഴിഞ്ഞു
മറവുമൊഴിഞ്ഞു മനമതഴിഞ്ഞു
കിളിമൊഴിതാനൊന്നു പകർന്നൂ
കളിപുതുമയ്ക്കാശ വളർന്നൂ
കളിവചനപ്രൗഢി മുതിർന്നൂ” (നളചരിതം)

“വീടുകളും പല നാടുകളും പല
തോടുകളും പല കോടുകളും പല
കാടുകളും പല മാടുകളും മല –
മൂടുകളും മലർവാടികളും പല-
മേടുകളും പല വേടുകളും പല
പാടവമോടു കടന്നു കടന്നവ-
രാടലകന്നു തകർത്തു തിമിർത്തുമ-
ഹാടവി പൂക്കുഗമിക്കുന്നേരം?” (ഘോഷയാത്ര)