അദ്ധ്യായം 5. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഭാഷ.

“കല്ലുംമരങ്ങളും തല്ലിത്തകർത്തുകൊ-
ണ്ടുല്ലാസമോടങ്ങു ചെല്ലുന്ന നേരത്തു

വല്ലിഗ്രഹങ്ങളിൽ സല്ലീലയാടുന്ന
നല്ലോരുഗന്ധർവ്വ മല്ലാക്ഷിമാരുടെ
സല്ലാപസാരസ്യ ഹല്ലോഹലങ്ങളെ
സംഭാവനം ചെയ്തു ഗംഭീരനായുള്ള
ജംഭാരിപുത്രൻ്റെ മുമ്പിൽ പിറന്നവൻ
വൻപൻവൃകോദരൻ കുമ്പിട്ടുനോക്കിനാൻ.” (കല്യാണ സൗഗന്ധികം)

“അക്കാലങ്ങളിലതിഭുജവിക്രമ-
ധിക്‌കൃത ശക്രപരാക്രമനാകിയ
നക്തഞ്ചരപതി രാവണനെന്നൊരു
ശക്തൻവന്നു പിറന്നു ധരായാം.” (കാർത്തവീര്യാർജ്ജുന വിജയം.)

ഇങ്ങനെ അനായാസമായ പ്രാസത്തോടും, അർത്ഥചമല്ക്കാരത്തോടും, ഗംഗാപ്രവാഹംപോലെ അനർഗ്ഗളമായി നിർ​ഗ്​ഗളിക്കുന്ന വാഗ്ധോരണിയോടും കൂടി പ്രസന്നമായി പാഞ്ഞൊഴുകുന്ന നമ്പ്യാരുടെ കാവ്യാമൃതഝരിക്കുള്ളിൽ പ്രവേശിച്ചു മജ്ജനോന്മജ്ജനം ചെയ്തു, നിർവൃതി അടയാൻ കഴിയാത്ത ഒരു പാമരൻപോലും മലയാളത്തിൽ ജനിച്ചിരിക്കയില്ലെന്നാണു തോന്നുന്നതു്. നമ്പ്യാരെപ്പോലെ സുന്ദരവും സുമനോഹരവുമായി ഇത്ര അധികം പ്രാസം ചൊരിയുവാൻ പാടവവും പരിചയവും സിദ്ധിച്ചിട്ടുള്ള ഒരു മഹാകവി നമ്പ്യാർക്കു മുമ്പും പിമ്പും കേരളക്കരയിൽ ഉണ്ടായിട്ടുണ്ടോ എന്നു സന്ദേഹമാണു്.