തുള്ളലുകളിലെ വർണ്ണനാരീതി
നമ്പ്യാരുടെ വികസ്വരമായ കലാവാസനയുടെ അന്യൂനമായ കാന്തിയും, പുഷ്ഠിയും “തികഞ്ഞുകാണുന്നതു തുള്ളൽക്കഥകളിലാണെന്നുള്ള സംഗതി സുസംവിദിതമത്രെ. തുള്ളൽക്കഥകളോട് അനുബന്ധിച്ചാണല്ലൊ നമ്പ്യാരുടെ പേരും പെരുമയും സാഹിത്യാന്തരീക്ഷത്തിൽ പ്രകാശിതമായിട്ടുള്ളതും. പണ്ഡിതപാമരന്മാർ ഉൾപ്പെട്ട സകല ജനങ്ങളേയും ഒന്നുപോലെ രസിപ്പിക്കാവുന്ന ഒരു സാഹിതൃ പ്രസ്ഥാനം കേരളക്കരയിൽ ഉണ്ടെങ്കിൽ അതു് തുള്ളൽ ഒന്നുമാത്രമാണു്. ഇത്രത്തോളം വിശ്വവ്യാപകമായ ഒരു വിജയം തുള്ളൽക്കവിതയ്ക്കു സിദ്ധിച്ചതെങ്ങനെ എന്നുള്ള ഒരു പര്യവേക്ഷണം ഈ സന്ദർഭത്തിൽ ഉചിതമായിരിക്കുമല്ലൊ.
ഏതുകാര്യം നിരൂപണം ചെയ്യുമ്പോഴും ഒന്നാമതായി ചിന്തിക്കേണ്ടതു്, കവിയുടേയും കവിതയുടേയും ഉദ്ദേശ്യവും ആദർശവും എന്തെന്നുള്ള സംഗതിയാണു്. എല്ലാ സാഹിത്യത്തിലും രസാസ്വാദന കുശലന്മാരായ ജനങ്ങൾ എക്കാലത്തും ന്യൂനപക്ഷമേ ഉണ്ടായിരിക്കുകയുള്ള. കാവ്യരസാനുഭൂതി ഓരോരുത്തൻൻ്റേയും മാനസികനിലയെ അനുസരിച്ചാണല്ലോ ഇരിക്കുന്നതു്. മനസ്സിൻ്റെ വളർച്ച ബുദ്ധിവികാസം സിദ്ധിച്ചിട്ടുള്ളവക്കുമാത്രമേ ഉൽകൃഷ്ടകാവ്യങ്ങളിലെ വ്യംഗ്യമധുരങ്ങളായ ആശയങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുകയുള്ള. പുനം, ഉണ്ണായി, എഴുത്തച്‌ഛൻ മുതലായ ഭാഷാകവികളുടെ കൃതികൾ സാമാന്യ ജനങ്ങളെയല്ലല്ലൊ അധികവും രസിപ്പിക്കാറുള്ളതു്. ആ കവിവര്യന്മാർ നിസ്സാരന്മാരുടെ അനാദരത്തെ അത്രയൊന്നും ഗണ്യമായി കരുതിയിട്ടുണ്ടെന്നു തോന്നുന്നുമില്ല.