തുള്ളലുകളിലെ വർണ്ണനാരീതി
മുതലായ ജോലികൾ ചെയ്യുവാനും അവർക്കു വശമായിരുന്നുവത്രേ. ഇങ്ങനെ സ്വാനുഭവങ്ങളെ ആസ്പദമാക്കി കഥാപാത്രങ്ങൾക്കെല്ലാം കേരളീയത്വം നല്കി തന്മയത്വം വർദ്ധിപ്പിക്കുക എന്നതാണു നമ്പ്യാരുടെ കവിതയിൽ അനിതരസാധാരണമായി വിളങ്ങുന്ന ഒരു വിശേഷഗുണം. പുരാണകഥാപാത്രങ്ങളേയുംമററും ഇങ്ങനെ ഇച്ഛപോലെ രൂപാന്തരപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം എഴുത്തച്ഛൻ മുതലായവർ പ്രയോഗിച്ചിട്ടില്ലെന്നും, ചമ്പൂകാരന്മാരിൽമാത്രം സ്വല്പമായി കണ്ടിരുന്ന ഈ ഒരു രീതി സർവതന്ത്രസ്വതന്ത്ര നമ്പ്യാരാണ് വിശലമായി കാവ്യദ്വാരാ അവതരിപ്പിച്ചതെന്നും ഉള്ള സംഗതി പ്രത്യേകം സ്മർത്തവ്യമാണു്.
ഏതാദൃശമായ വർണ്ണനകൾക്കു ലേശാനൌചിത്യം, കാലാനൌചിത്യം എന്നിങ്ങനെയുള്ള ചില കാവ്യദോഷങ്ങൾ ഉണ്ടെന്നു സമ്മതിക്കാതെ തരമില്ല. എന്നിരുന്നാലും, ആ ദോഷം തുള്ളൽക്കഥകൾക്ക് അന്യാദൃശമായ ഒരു സ്വാരസ്യത്തെയാണു് ഉണ്ടാക്കിത്തീർത്തിരിക്കുന്നതു്. അത്ര തന്നെയുമല്ല, ‘ഉർവ്വശീശാപം ഉപകാരം’ എന്ന മട്ടിൽ അക്കാലത്തെ കേരളീയജനതയുടെ ആചാരവിചാരാദികളും നടപടി സമ്പ്രദായങ്ങളും മററും ഇന്നുള്ളവർക്കു ഗ്രഹിക്കുന്നതിനു ചരിത്രപരമായ നിലയിൽക്കൂടി തുള്ളൽകൃതികൾ പ്രയോജകീഭവിക്കുന്നുണ്ടു്. എഴുത്തച് ഛൻ്റെ കൃതികൾക്കു മുൻപറഞ്ഞ കാവ്യദോഷങ്ങൾ ഇല്ലെന്നു പ്രസ്താവിക്കുന്നതോടുകൂടിത്തന്നെ കഥാപാത്രങ്ങളേയും സ്ഥലകാലങ്ങളേയും സ്വപരിചയപരിധിയിൽ ഉൾപ്പെടുത്തി പണ്ഡിത പാമര ജനങ്ങളെ ഒരുപോലെ രസിപ്പിക്കുന്ന ഈ ഒരു അനുഭവരസം തൽകൃതികൾക്കു് ഇല്ലെന്നുള്ളതും സമ്മതിച്ചേതീരൂ.