അദ്ധ്യായം 4. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ വർണ്ണനാരീതി

എഴുത്തച് ഛൻ ചതുരനായ ഒരു ചിത്രകാരനേപ്പോലെ വർണ്യവസ്തുവിൻ്റെ പ്രധാനാംശങ്ങളെ മാത്രം വിവരിക്കുന്നു. ഭാവനാശക്തിയുള്ള ഒരു സഹൃദയന് അത്രയുംകൊണ്ടുതന്നെ അതിൻ്റെ സ്വരൂപം പൂർണ്ണമായി ദർശിക്കാവുന്നതുമാണ്. നമ്പ്യാരാകട്ടെ ഇതിൽനിന്നു വളരെ ഭിന്നമായ രീതിയിലാണു സാധാരണ വർത്തിക്കാറുള്ളത്. വർണ്യവസ്തുവെ നഖശിഖാന്തം അല്പവുംവിടാതെ വർണ്ണിച്ചെങ്കിലെ നമ്പ്യാർക്കു സുഖമുള്ള! ഒരുപക്ഷെ അതും മനോധർമ്മ വികലന്മാരായ തൻ്റെ ശ്രോതാക്കളെ ഉദ്ദേശിച്ചു ചെയ്യുന്നതായിരിക്കാം. ചിലപ്പോൾ വർണ്ണനയുടെ തിടുക്കംകൊണ്ടു കാടുകയറുന്നതും അസാധാരണമല്ല. കല്ല്യാണസൗഗന്ധികത്തിൽ ഗന്ധമാദനം വർണ്ണിക്കുമ്പോൾ കവി പ്രതിപാദ്യവിഷയംവിട്ട് എത്രയോദൂരം പോകുന്നു. ഭീമസേനനേപ്പോലെതന്നെ കവിയും കാടും പടലും തകർത്തു കൊണ്ടാണു തിരിച്ചുവരുന്നതു്. എന്നിരുന്നാലും മിതാക്ഷരങ്ങളെക്കൊണ്ടുള്ള വർണ്ണനയ്ക്കും നമ്പ്യാർ ശ്രമിക്കാതിരുന്നിട്ടില്ല. ധ്‌റുവചരിതത്തിൽ ഉത്താനപാദൻ്റെ രാജധാനിയിലെ സപത്നീകലഹത്തെ വർണ്ണിച്ചിരിക്കുന്നതിങ്ങനെയാണു് :-

‘കേട്ടിലയോ നിങ്ങളുത്താനപാദൻ്റെ
വീട്ടിലേ കോലാഹലങ്ങളിതൊന്നുമേ
ജ്യേഷ്ഠത്തിയുമനുജത്തിയും തങ്ങളിൽ
ചട്ടികലങ്ങളും കൂടെപ്പകുത്തുപോൽ
മുട്ടിച്ചമഞ്ഞുപോലുത്താനപാദനി-
ച്ചേട്ടകൾകൊട്ടുമടക്കമില്ലായ്മയാൽ. ‘

സംക്ഷിപ്തമെങ്കിലും എത്രയും അർത്മസംയുക്തമായ ഒരു വർണനയാണിതെന്നു് ആരുതന്നെ സമ്മതിക്കുകയില്ല. ഗൃഹച്ഛിദ്രംകൊണ്ടു രാജധാനിയിൽ സംഭവിച്ചിട്ടുള്ള സ്വൈരക്കേടിനെ ഇതിലധികം വ്യക്തീകരിക്കേണ്ടതെങ്ങനെയെന്നറിയുന്നില്ല. പക്ഷെ രാജഗൃഹത്തിലെ മടപ്പള്ളിപ്പാത്ര ങ്ങൾ ‘ചട്ടികളും കലങ്ങളു’മായിരുന്നുവെന്ന് ആരും ഭ്രമിച്ചുപോകരുത്. അതുപോലെതന്നെ ഉത്താനപാലൻ്റെ രാജധാനി കേവലം ഒരു ‘വീടു്’ മാത്രമായിച്ചമഞ്ഞതും നേരംപോക്കായിരിക്കുന്നു. ഇവയെല്ലാം വലുതായ ഔചിത്യ ഭംഗമാണെന്നു പറയാമെങ്കിലും തൻ്റെ ശ്രോതാക്കൾക്കു സംഗതിയുടെ ഗൗരവം അനുഭവയോഗ്യമാക്കിത്തീർക്കണമെ ന്നാണല്ലൊ നമ്പ്യാരുടെ ഉദ്ദേശ്യം. അതിനു് ഈവക പ്രയോഗങ്ങൾ തികച്ചും പര്യാപ്തമാകുന്നുണ്ടു്