അദ്ധ്യായം 4. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ വർണ്ണനാരീതി

വർണ്ണനകളുടെ തന്മയത്വത്തിനു നമ്പ്യാർ കൈക്കൊണ്ടിട്ടുള്ള ഒരു കലാകൗശലം കഥാപാത്രങ്ങൾവഴിക്കുള്ള സംഭാഷണമാണു്. വാസ്തവത്തിൽ അത്തരം സംഭാഷണചാതുരികൊണ്ടുതന്നെയാണു് അദ്ദേഹം ശ്രോതാക്കളുടെ മനം കവരുന്നതു്. ഈ രീതി, ചാക്യാർകൂത്തിനും തുള്ളലിനും തമ്മിലുള്ള സാദൃശ്യത്തെകൂടി വെളിപ്പെടുത്തുന്നു. ഒരുപക്ഷെ കവി, തൻ്റെ പുരോഗാമികളായ ചമ്പു കർത്താക്കന്മാരെ അനുകരിച്ചുമാകാം ഈ സമ്പ്രദായം സ്വീകരിച്ചിട്ടുള്ളതു്. കല്യാണസൗഗന്ധികത്തിൽ ഭീമനും ഹനുമാനുമായുള്ള സംഭാഷണം അതിലെ വർണ്ണനയ്ക്ക് എത്രമാത്രം ചമല്ക്കാരവും ഭംഗിയും വർദ്ധിപ്പിക്കുന്നുവെന്നു് ആ ഭാഗങ്ങളിൽനിന്നു ഗ്രഹിക്കുവാൻ കഴിയുന്നതാണു. ഘോഷയാത്രയിൽ

‘കർണ്ണാദികളൊടുകൂടിസ്സഭയിൽ
സ്വർണ്ണാസനവരമേറി വസിക്കു‘
ന്ന ധുര്യോധനനെ ഓട്ടൻവന്നു കാട്ടിലെ വിശേഷങ്ങൾ മനസ്സിലാക്കുന്നു. പാണ്ഡവന്മാർക്കു നാട്ടിലെക്കാൾ ക്ഷേമമാണെന്നറിഞ്ഞപ്പോൾ സുയോധനൻ,

ഒട്ടുമകംപുറമില്ലാതുള്ളൊരു
യഷ്ട്രീ! നില്ലൂ നിനക്കെന്തറിയാം.

എന്നിങ്ങനെ കയർത്തുപറയുന്നതും മററും വർണ്ണനയുടെ തന്മയത്വത്തെ എത്രകണ്ടു വർദ്ധിപ്പിച്ചിരിക്കുന്നുവെന്നു വിവരിക്കുവാൻ പ്രയാസം.

കഥയുമായി നേരിട്ടുബന്ധമില്ലാത്ത ഉപപാത്രങ്ങളുടെ സംഭാഷണം കൊണ്ടു്, മർമ്മഭാഗങ്ങളെ വിശദമാക്കുന്നതിനു നമ്പ്യാരോളം വൈദഗ്ദ്ധ്യവും കലാകൗശലവും മറെറാരു മലയാള കവിയും പ്രകടിതമാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. നാടകങ്ങളിൽ രംഗവിധാനങ്ങൾകൊണ്ടു തന്മയത്വം വർദ്ധിപ്പിക്കുന്ന തന്ത്രമാണു കവിയുടെ ഈദൃശമായ വർണ്ണനാരീതിയിൽ പ്രത്യക്ഷമാകുന്നതു്. സഞ്ചാരപ്രിയരും ഭോജനാസക്തരുമായ ബ്രാഹ്മണരേയാണു പലപ്പോഴും ഇതിലേയ്ക്കു കവി പിടികൂടിക്കാണുന്നതു്. “കാട്ടിലിരിക്കും ധർമ്മാത്മജനു’ടെയും അനുജന്മാരുടെയും ചെയ്തികൾ നാട്ടു കാരെ മനസ്സിലാക്കുന്നത് പട്ടന്മാരുടെ സംഭാഷണ കോലാഹലങ്ങൾകൊണ്ടാണു്. ചില ഘട്ടങ്ങളിൽ നായാട്ടു വർണ്ണിക്കുന്നതിനു് കവിക്ക് വായാടികളായ ഒന്നുരണ്ടു കാട്ടാളന്മാർമതി. വർണ്യവസ്തുവിനെപ്പറ്റി ഒരു താദാത്മ്യ ബോധം ഉൽഭൂതമാക്കുവാൻ ഈ തന്ത്രംമൂലം പലപ്പോഴും കവിക്കു സാധിച്ചിരിക്കുന്നു. തുള്ളൽക്കഥകളിലെ വർണ്ണന കളുടെ ജീവൻതന്നെ സംഭാഷണങ്ങളാണെന്ന് അതിശയോക്തിലേശം കൂടാതെ പറയാം.