തുള്ളലുകളിലെ വർണ്ണനാരീതി
വർണ്ണനങ്ങളെ വിപുലവും വിശദവുമാക്കിത്തീർക്കുവാൻ നമ്പ്യാർ വേറൊരു കൗശലം പ്രയോഗിക്കാറുണ്ട്.
സംസ്കൃത കാവ്യങ്ങളിൽനിന്നും ചില വിശിഷ്ട പദ്യങ്ങൾ സന്ദർഭോചിതമായി ഉദ്ധരിക്കുകയും ചിലപ്പോൾ സ്വന്തമായിത്തന്നെ രചിച്ചുചേർക്കുകയും പതിവാണു്. പിന്നീട് അവയെ നമ്പ്യാരുടെ മനോധർമ്മത്തിനൊത്തവണ്ണം പൊടിപ്പും തൊങ്ങലും ചേർത്തു പരാവർത്തനം ചെയ്യുന്നതാണു് മേല്പറഞ്ഞ കൗശലം. ഈ രീതി ഒരുപക്ഷെ നമ്പ്യാർ ചാക്യാന്മാരിൽനിന്നു പഠിച്ചതായിരിക്കണം. എന്തുകൊണ്ടെന്നാൽ, അവർ കൂത്തുപറയുമ്പോൾ അവസരോചിതമായി മററു കൃതികളിൽ നിന്നും ശ്ലോകങ്ങൾ ഉദ്ധരിച്ച് അർത്ഥം വിവരിക്കുക പതിവാണല്ലൊ. നമ്പ്യാരും സ്വകൃതികളിൽ ഈ സമ്പ്രദായം പലേടത്തും അനുവർത്തിച്ചു കാണുന്നു. കിരാതത്തിൽ
‘സുജനഗുണം കൊണ്ടുളവാകും ബഹു-
മാനവിശേഷം വരുമെന്നുള്ളതു’
ബോധിപ്പിപ്പാൻ നമ്പ്യാർ ചേർത്തിട്ടുള്ള പദ്യവും പരാവർത്തനവും, അതുപോലെതന്നെ ഘോഷയാത്രയിൽ ഏഷണിയുടെ ദോഷത്ത വിശദീകരിക്കുവാൻ ചേർത്തിട്ടുള്ള ഭാഗങ്ങളും മററും ഇവിടെ പ്രത്യേകം പ്രസ്താവയോഗ്യങ്ങളെത്രെ.