തുള്ളലുകളിലെ വർണ്ണനാരീതി
സ്യമന്തകത്തിൽ കവി തൻ്റെ വിനയത്തെ പ്രകടിപ്പിക്കുന്നിടത്തു, “സജ്ജനസഭയുടെ സൽഗുണഗണ്യത’വിശദമാക്കുവാൻ ചേർത്തിട്ടുള്ള ഒരു പദ്യവും അതിൻ്റെ പരാവർത്തനവും താഴെ ചേർത്തുകൊള്ളുന്നു.
“ചീയതേ ബാലിശസ്യാപി
സുക്ഷേത്രപതിയാകൃഷി:
ന ശാലേസുംബകരിതാ
വപ് തുർഗുണമപേക്ഷതെ”
‘വളമേറിന കണ്ടത്തിൽ വിതച്ചാൽ
വിളവൊരുപത്തിനു സംശയമില്ല
വളമില്ലാത്ത പറമ്പിൽ വിതച്ചാൽ
അളവേവിത്തും കിട്ടുകയില്ല;
കണ്ടത്തിൻ്റെ ഗുണംകൊണ്ടേവിള –
വുണ്ടാവുള്ളു വിതച്ചതിലധികം
കൊണ്ടിഹചെന്നു വിതയ്ക്കുന്നവനെ-
കൊണ്ടൊരു കാര്യം വരുവാനില്ല;
നല്ല കൃഷിക്കാരൻ താൻ വിത്തൊരു
കല്ലിൽ വിതച്ചാൽ കരികേയുള്ളു;
നല്ലൊരു വയലിലതുഴതു വിതച്ചാൽ
നെല്ലൊരുനാഴിക്കൊരുപറ വിളയും
എന്നകണക്കെ കേൾക്കുന്നവരറി-
യുന്നജനങ്ങൾ മഹത്തുകളെങ്കിൽ
ഇന്നവനെന്നില്ലവനുടെ വാക്കുകൾ
നന്നെന്നുംവരുമിതിനുടെയർത്ഥം.’
പരകീയാശയങ്ങളായാലും മനോധർമ്മപടുവായ നമ്പ്യാരുടെ കൈയിൽ കിട്ടുമ്പോൾ അവയ്ക്കു് പ്രത്യേകവിധമായ ഒരു ഓജസ്സും തേജസ്സും സിദ്ധിച്ചുകാണാറുണ്ട്. പ്രസ്തുത ഭാഗംതന്നെ അതിലേയ്ക്കു് ദൃഷ്ടാന്തമാണല്ലൊ. തിരിയിൽ നിന്നു കൊളുത്തിയ പന്തംപോലെ മൂലത്തേക്കാൾ അത്യന്തം തേജോമയങ്ങളായിട്ടത്രെ നമ്പ്യാരുടെ ഈ മാതിരി പരാവർത്തനങ്ങൾ പലതും വർണ്ണനകളിൽ ശോഭിക്കാവറുള്ളത്.