അദ്ധ്യായം 4. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ വർണ്ണനാരീതി

ഒന്നാമതായി പറയേണ്ട ഒരു ഉൽകൃഷ്ട ഗുണം. സ്വർഗ്ഗത്തിലും വിദേശങ്ങളിലും ഉള്ള ആളുകളെക്കുറിച്ചും അവരുടെ ആചാരവിചാരാദികളെക്കുറിച്ചും നാട്ടുകാരായ സാമാന്യ ജനങ്ങൾക്കു യാതൊരു പരിചയവും കാണുകയില്ലല്ലൊ. അതിനാൽ പുരാണ കഥകളെ വർണ്ണിക്കുവാൻ ആരംഭിച്ച കവി, വർണ്യ വസ്തുക്കളെയെല്ലാം സ്വപരിചയ പരിധിയിൽത്തന്നെ നിറുത്തുവാനാണു് സർവ്വത്ര യത്നിച്ചിട്ടുള്ളതു്. ഈ ഒരു മനോധർമ്മപ്രസരത്താൽ പണ്ഡിത പാമര വർഗ്ഗത്ത ഒന്നുപോലെ അനുഭവരസത്തോടുകൂടി സ്വകവിതയിലേയ്ക്ക് ആകർഷിക്കുവാൻ നമ്പ്യാക്കു സാധിച്ചു.

എഴുത്തച്ഛൻ ഏതു കഥയെ വർണ്ണിക്കുന്നുവോ, ആ കഥ നടന്ന കാലത്തിലേയ്ക്കും സ്ഥലത്തിലേയ്ക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഹസ്തിനപുരത്തിലോ സുധർമ്മയിലോ നടന്ന ഒരു വൃത്താന്തം വർണ്ണിക്കുകയാണെങ്കിൽ വായനക്കാർ ഉടലോടെ അവിടെ എത്തി. അതു് അതുപോലെ കാണുകയും കേൾക്കുകയും വേണമെന്നാണു് എഴുത്തച്ഛൻ വിവക്ഷിക്കുന്നതു്. അദ്ദേഹത്തിൻ്റെ ഈ ആശ സഫലമാകണമെങ്കിൽ ശ്രോതാക്കളും സ്വല്പമെങ്കിലും മനോധർമ്മവും ഭാവനാകുശലതയും ഉള്ളവരായിരി ക്കണമെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. വിമർശവിശാരദനായ ഡി. പത്മനാഭനുണ്ണി അവർകൾ എം. എ. ഇങ്ങനെ പ്രസ്താവിച്ചുകാണുന്നു:- ‘ആദർശഭൂതവും ആഹ്ളാദകരവുമായ ഒരു നവീന ലോകത്തിലേയ്ക്കു് സഹൃദയഹൃദയങ്ങളെ ഉന്നമിപ്പിച്ചു്, അവയെ സത്യസൗന്ദര്യങ്ങളുടെ പ്രഭാപുരംകൊണ്ടു വികസിപ്പിച്ചു്, അത്ഭുതസംപൂർണ്ണമാക്കി ത്തീർക്കുകയാണു് എഴുത്തച്ഛൻ ചെയ്യുന്നത്. നമ്പ്യാരാകട്ടെ, ലൗകീക ജീവിതത്തിൻ്റെ വിലക്ഷണരീതികളെ ഒരു സാക്ഷിയുടെ നിലയിൽ കണ്ടു രസിക്കുകയും, മറ്റുള്ളവരെ രസിപ്പിക്കുകയുമാണു് ചെയ്യുന്നതു്.