തുള്ളലുകളിലെ വർണ്ണനാരീതി
ദുര്യോധനൻ്റെ വനത്തിലേയ്ക്കുള്ള ‘ഘോഷയാത്ര’യിൽ, അമ്പും വില്ലും ധരിച്ച നായന്മാരും,
“പട്ടാണികൾ പല ചെട്ടികളും കോ-
മട്ടികളും പല പട്ടന്മാരും’–
മറ്റുമാണു’ അകമ്പടി സേവിക്കുന്നതു്. ഘോഷയാത്ര പുറപ്പെടുന്നതിനു മുമ്പ് ദുര്യോധനൻ്റെ സേനകൾക്കു നൽകിയ സദ്യയുടെ വട്ടമോ അതിലധികം കൗതുകജനകമായിരിക്കുന്നു.
‘ഇലവച്ചങ്ങു നിരന്നു തുടങ്ങി
വലിയരിവച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു
വട്ടഞ്ചക്കര ചേർത്തു കലക്കി
ചട്ടംകൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധ-
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു.’
അത്രമാത്രമോ? ‘കടൽവാഴയ്ക്കാക്കറി’യും അക്കൂട്ടത്തിൽ ചിലർക്കു നൽകുന്നുണ്ടത്രെ.
ഘോഷയാത്രയിൽ സംബന്ധിക്കുന്ന സുയോധന സോദരന്മാരുടെ വേഷഭൂഷകൾ നോക്കുക:-
‘പരിചൊടു കോപ്പുകളിട്ടു തുടങ്ങി
പരിമളമേറിന കളഭമിഴക്കി
ചുരികുഴൽ മാലകൾകൊണ്ടു മുറുക്കി
പെരുകിന കുറിതിലകങ്ങളൊരുക്കി
തരമൊടു തലമുടി ചിക്കിമിനുക്കി
തരിവള, പിരിവള കാഞ്ചി പതക്കം
വിരുതുകൾ പലവക വിരൽമോതിരവും,
അരമണി കുടമണി തുടർമണി കങ്കണ-
മരഞാണം ചില തോൾപുട്ടുകളും
മകുടം കടകം മണികുണ്ഡലവും
