തുള്ളലുകളിലെ വർണ്ണനാരീതി
നസ്രാണികളും ജോനകർ പത്തുസ-
ഹസ്രാധികമിഹ വന്നിടേണം;
എന്നാണു് നീലാംബരനുടെ ശാസനം. പോരെ? ദേശകാലങ്ങൾക്കു വല്ല അന്തരവും നമ്പ്യാർ കാണുന്നുണ്ടോ?
ലങ്കാധിപനായ രാവണൻ്റെ വേഷഭൂഷകളെല്ലാം കേരളീയ മട്ടിൽത്തന്നെ. അദ്ദേഹത്തിൻ്റെ ദേവാരാധന, കേരളീയ വസ്തുക്കൾകൊണ്ടും കേരളീയ പൂജാവിധിയനുസരിച്ചുമാണു്’. നർമ്മദാ നദിയുടെ സൈകതത്തിൽ ഇരുന്നു് അദ്ദേഹം ശിവപൂജ ചെയ്യുന്നത് ഇങ്ങനെയാണു് :-
“ജലഗന്ധാക്ഷതപുഷ്പാദികളും
ഫലമൂലം പുനരവിലും മലരും
ഗുളവും കദളിപ്പഴവും പങ്കജ-
ദളവും ഗുൽഗുലുധൂപം ദീപം
വെള്ളിവിളക്കുകൾ പൊന്നിൻതളികകൾ
വെള്ളിക്കുടവും മണിതാലങ്ങളിൽ
വെള്ളരി വെറ്റില പാക്കും വെളുവെള-
യുള്ള പളുങ്കിന്മാലകളനവധി
മുല്ലപ്പൂമലർ ചെത്തിപ്പൂവും
ചെമ്പകമലർ ചേമന്തിപ്പൂവും
വെൺതുളസിപ്പൂ തുമ്പപ്പൂവും
മണമിയലും കളഭം കർപ്പൂരം
തണുതണമലയജകുങ്കുമഗന്ധം,
ഘണഘണഘോഷം മണിയുടെഘോഷം
ഗണപതിബിംബം ഫണിപതി ബിംബം
ഗുണമിയലുന്നഷഡാനനബിംബം
ശങ്കര ശങ്കരിമാരുടെ വിഗ്രഹ-
സംഘവുമവിടെ നിരത്തി പരിചൊടു
പുഷ്പാഞ്ജലിയും മന്ത്രജപങ്ങളു-
മീവക പൂജകൾചെയ്തു വസിച്ചാൻ”
