തുള്ളലുകളിൽകാണുന്ന കേരളം
തുള്ളൽ കൃതികൾക്കു സാഹിത്യപരമായ പ്രാധാന്യമുള്ളതുപോലെതന്നെ, ചരിത്രപരമായ പ്രാമാണികത്വവണ്ടു്. പ്രാചീനകൃതികളിൽനിന്നാണല്ലൊ കേരളചരിത്രത്തെപ്പറ്റി വല്ലതും അറിയുവാൻ നമുക്കിന്നു സാധിക്കുന്നതു്. കുഞ്ചൻനമ്പ്യാർ തൻ്റെ കൃതികളെ ദേശീയമാക്കി ത്തീർത്തതുമൂലം അക്കാലത്തെ കേരളചരിത്രത്തെക്കുറിച്ചു പലതും ഗ്രഹിക്കുവൻ കഴിയുന്നുണ്ടു്. അന്നത്തെ കേരള രാജാക്കന്മാർ, അവരുടെ ഭരണരീതി, ജീവിതരീതി, ഭടജനങ്ങൾ, യുദ്ധസമ്പ്രദായം, സമുദായങ്ങളുടെ സ്ഥിതി, ഗൃഹസംഭവങ്ങൾ, ജനങ്ങളുടെ ആചാരവിചാരങ്ങൾ എന്നിങ്ങനെ അനേകം സംഗതികൾ തുള്ളലുകളിൽ വിശദമായി പ്രതിബിംബിപ്പിച്ചിരിക്കുന്നു. ഏതൽസംബന്ധമായി കൊച്ചിരാജ്യ ചരിത്രകർത്താവായ കെ. പി. പത്മനാഭമേനോൻ അവർകൾ പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം ഇവിടെ അനുസ്മരണീയമാണു്.
“ഇപ്പോൾ അറിവുള്ള കവനങ്ങളിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളലുകളിലാണു് അക്കാലത്തെ ജനസമുദായത്തിൻ്റെ സ്ഥിതിയേയും രാജ്യഭാരസമ്പ്രദായത്തേയും മറ്റിതുപോലെയുള്ള വിഷയങ്ങളേയും കുറിച്ചു ധാരാളം പ്രതിപാദിച്ചുകാണുന്നത്….. ഈവക വിവരണങ്ങൾ പുരാണകഥകളെ പറയുന്ന കൂട്ടത്തിലാണു പറയുന്നതു്; എങ്കിലും അവ കേരളസമുദായത്തെ ഉദ്ദേശിച്ചാണെന്നുള്ളതിനു സംശയമില്ല.” ആകയാൽ തുള്ളൽകൃതികളിൽ നിന്നു ലഭിക്കുന്ന ചരിത്രശകലങ്ങളിൽ ചിലതു സംക്ഷേപിച്ചു പറയുവാനാണു് ഈ അദ്ധ്യായത്തിൽ യത്നിക്കുന്നതു്.