തുള്ളലുകളിൽകാണുന്ന കേരളം
എന്നിങ്ങനെ അന്നത്തെ കാര്യക്കാരന്മാരുടെ അഴിമതികളെപ്പറ്റി അനേകം പലവിധ കൃതികളിൽ നമ്പ്യാർ വ്യക്തമാക്കിയിട്ടുണ്ടു്. കാര്യക്കാരെ കാണാതെ തമ്പുരാനെ മുഖം കാണിക്കുവാൻ ആർക്കുംതന്നെ സാധ്യമല്ല. കൈക്കൂലി കൊണ്ടേ, അതു സാധിക്കയുമുള്ള. അതിൻ്റെ കൂടുതൽ കുറവനുസരിച്ചു കാര്യസിദ്ധിക്കു വേഗതയും മാന്ദ്യവും സംഭവിക്കുന്നതുമാണു്. കൈക്കൂലിയുടെ സമ്പ്രദായംപോലെ വാദിയെ പ്രതിയും, പ്രതിയെ വാദിയുമാക്കിത്തീർക്കുവാൻ ഇക്കൂട്ടർക്കുള്ള ചാതുര്യവും ചില്ലറയൊന്നുമല്ല.
“രണ്ടുജനങ്ങളു തമ്മിൽക്കാര്യം
കൊണ്ടു വിവാദിച്ചരമന പുക്കാൽ
രണ്ടുജനത്തിനുമരചനെയെത്തി-
കണ്ടറിയിപ്പാൻ സംഗതികൂടാ;
കാര്യക്കാരുടെ മുമ്പിൽചെന്നവർ
കാര്യമതെല്ലാമങ്ങറിയിച്ചു
കൈക്കാണത്തിനു കുറവു വരുമ്പോൾ
വക്കാണത്തിനു വട്ടംകൂട്ടും;
നേരില്ലാത്തോൻ കാര്യക്കാരനു്
ചേരും ദ്രവ്യമെടുത്തുകൊടുത്താൽ
നേരുള്ളവനെ ശഠനെന്നുള്ളൊരു
പേരും നൾകിപ്പുക്കിയയയ്ക്കും.”
എന്നു ശീലാവതീചരിതത്തിലും മററും പ്രസ്താവിച്ചിട്ടുള്ളതു നോക്കുക. കാര്യക്കാരന്മാരിൽ പലരും ‘പെണ്ണുങ്ങളോടു വിചാരിച്ചു കാര്യങ്ങൾ നിർണ്ണയിച്ചീടു’ന്നവരാകയാൽ ചില സംഗതികൾ വേഗത്തിൽ സാധിക്കുവാൻ അവരുടെ ‘കൊച്ചമ്മമാരോട് അടുത്തുകൂടുന്നതാണു്’ എളുപ്പമായിരുന്ന മാർഗ്ഗം.