തുള്ളലുകളിൽകാണുന്ന കേരളം
നായന്മാരെസംബന്ധിച്ചു തുള്ളലുകളിൽനിന്നു പല സംഗതികളും നമുക്കിന്നു ഗ്രഹിക്കുവാൻ കഴിയുന്നുണ്ടു്. കോവിലകങ്ങളിലെ ഉദ്യോഗസ്ഥന്മാരിൽ വലിയപങ്കും നായന്മാരായിരുന്നു. രാജ്യത്തിലും മാനനീയമായ ഒരു നിലയാണു് ആ സമുദായത്തിനു് അന്നുണ്ടായിരുന്നത്. ധനവാന്മാരായ അനേകംപേർ അവരുടെ ഇടയിൽ അന്നുണ്ടായിരുന്നുവെന്നു പ്രദോഷമാഹാത്മ്യം മുതലായ തുള്ളലു കളിൽനിന്നു വ്യക്തമാകുന്നുണ്ട്.
“നാടുകൾതോറും നായന്മാരുടെ
വീടുകൾകണ്ടാലറിയാം നൃപനുടെ
കേടുകൾകൂടാതുള്ളൊരു സമ്പൽ
പ്രൗഢികളെല്ലാമധികമനോജ്ഞം’
എന്നും മറ്റുമുള്ള പ്രസ്താവങ്ങൾ അതിലേയ്ക്ക് ഉപോൽബലകങ്ങളാണല്ലൊ.
രാജസൈന്യങ്ങളിൽ ഏറിയഭാഗവും നായന്മാരായിരുന്നു. നായന്മാരിൽ പലരും അക്കാലത്തു രണഭീരുക്കളായിരുന്നുവെന്നാണു് ഘോഷയാത്ര മുതലായ തുള്ളലുകൾകൊണ്ടു നമ്പ്യാർ വ്യക്തമാക്കുന്നതു്. എന്നാൽ ത്രിപുരദഹനം മുതലായ കൃതികളിൽ അവരുടെ ശൗര്യവീര്യഭാവങ്ങളേയും നമ്പ്യാർ പ്രദർശിപ്പിക്കാതിരിക്കുന്നില്ല.