അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

“നായാട്ടെന്നതു കേൾക്കുന്നേരം
നായർക്കായതൊരുത്സവമല്ലോ’

എന്നു സ്യമന്തകത്തിൽ പ്രസ്താവിച്ചുകാണുന്നതിൽനിന്നു മൃഗയാവിനോദത്തിൽ അവർ വളരെ തൽപരന്മാരായിരുന്നു എന്നു വ്യക്തമാകുന്നുണ്ടു്.

നായന്മാരുടെ ഇടയിൽ കള്ളും കറുപ്പും ഉപയോഗിക്കുന്നവർ അക്കാലത്തു വളരെപ്പേരുണ്ടായിരുന്നുവെന്നു തോന്നുന്നു. നായർസമുദായത്തിൻ്റെ ഗാർഹികസ്ഥിതി ഗതികളെപ്പറ്റി രുഗ്മിണീസ്വയംവരം മുതലായ കൃതികളിൽ വിശദമായി പലതും പ്രസ്താവിക്കുന്നുണ്ടു്. കാരണവന്മാർ അനന്തരവന്മാരുടെ ഭാവിയെപ്പറ്റി അധികമൊന്നും ചിന്തിച്ചിരുന്നതായി കാണുന്നില്ല. അവരുടെ കൊള്ളരുതായ്മയും ധൂർത്തജീവിതവുംകൊണ്ടു് അനേകം തറവാടുകൾ അധഃപതിക്കുന്നതായി നമ്പ്യാർ പ്രസ്താവിക്കുന്നുണ്ട്. കാരണവന്മാർ അമ്മായിക്കും മക്കൾക്കും കൊടുത്തു് അനന്തരവന്മാർക്ക് ഉണ്മാനും ഉടുപ്പാനും ഇല്ലാതാക്കിത്തീർക്കുന്ന പതിവിനെപ്പറ്റി നളചരിതത്തിൽ ഇങ്ങനെ പ്രസ്താവിച്ചു കാണുന്നു:-