മഹാകവി കുഞ്ചൻ നമ്പ്യാർ. അദ്ധ്യായം 3

തുള്ളൽ പ്രസ്ഥാനം

കുഞ്ചൻ നമ്പ്യാർ, അമ്പലപ്പുഴെ വന്നുചേരുന്നതിനുമുമ്പുതന്നെ, ഒരു കവി എന്നുള്ള നിലയെ അർഹിച്ചിരുന്നതായി പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ചെറുശ്ശേരി, എഴുത്തച്ഛൻ മുതലായ പൂർവ്വന്മാരെ അനുകരിച്ചു പലകൃതികളും അമ്പലപ്പുഴെ വരുന്നതിനു മുമ്പായി അദ്ദേഹം നിർമ്മിച്ചിരുന്നു. എന്നാൽ അവയൊന്നുകൊണ്ടുമല്ല, തുള്ളൽക്കഥയുടെ ജനയിതാവ് എന്ന നിലയിലാണു്, നമ്പ്യാരുടെ നാമധേയം മലയാള സാഹിത്യലോകത്തിൽ സ്ഥിരപ്രതിഷ്ഠി തമായിട്ടുള്ളതു്. നമ്പ്യാർ തുള്ളൽ നിർമ്മിക്കുന്നതിനു ഹേതുവായ സംഗതി സുപ്രസിദ്ധമത്രെ. അതിപ്രകാരമാണു് :-

“നമ്പ്യാർ അമ്പലപ്പുഴെ താമസിക്കുമ്പോൾ ഒരിക്കൽ ഉത്സവത്തിനു് ചാക്യാരുടെ കൂത്തിനു മിഴാവ് കൊട്ടാൻ പോകേണ്ടിവന്നു. നമ്പ്യാരുടെ കുലധർമ്മം മിഴാവ് കൊട്ടുകയാണെങ്കിലും, നമ്മുടെ കവിപുംഗവൻ അതു് അത്ര ശീലിച്ചിരുന്നില്ല. പരിചയം ഇല്ലാത്ത അദ്ദേഹത്തെ ക്ഷണിച്ചതു്, പതിവുകാരൻ നമ്പ്യാർക്ക് ഉത്സവമദ്ധ്യേ ആശൗചം നേരിട്ടതുകൊണ്ടും, വേറെ നമ്പ്യാന്മാർ അടുത്ത സ്ഥലത്തെങ്ങും ഇല്ലായിരുന്നതുകൊണ്ടും ആയിരുന്നു. കുഞ്ചൻനമ്പ്യാരെ ക്ഷണിച്ചപ്പോൾ തനിക്കു മിഴാവുകൊട്ടാൻ പരിചയമില്ലെന്നു പറഞ്ഞതിൽ, ചാക്യാർ, അറിയാവുന്നതുപോലെ കൊട്ടിയാൽ മതിയെന്നും, അല്ലെങ്കിൽ അടിയന്തിരം മുട്ടിപ്പോകുമെന്നും പറഞ്ഞതുകൊണ്ടായിരുന്നു പോയത്. കൂത്താരംഭിച്ചു, നമ്പ്യാർ മിഴാവുകൊട്ടിത്തുടങ്ങിയപ്പോൾ തെറ്റിപ്പോയി. ആക്ഷേപിക്കാൻ വിരുതുള്ള ചാക്യാർ തിരിഞ്ഞുനിന്നു പരിഹാസം തുടങ്ങി, ചാക്യാർ തന്നെ സഭയിൽവെച്ചു പരസ്യമായി അധിക്ഷേപിച്ചതുകൊണ്ടു നമ്പ്യാർ വളരെ മുഷിഞ്ഞു. ഉടൻതന്നെ, അദ്ദേഹം കൊട്ടുനിറുത്തി ഇറങ്ങിപ്പൊയ്ക്കളഞ്ഞു. താതിൽപിന്നെ നമ്പ്യാർക്കുണ്ടായ വിചാരം, തന്നെ ആക്ഷേപിച്ച ചാക്യാരെ ലജ്ജിപ്പിക്കുന്നതിനുള്ള വഴി എന്തെന്നായിരുന്നു. ആ വിചാരത്തിൻ്റെ ഫലമായി ആ ദിവസംകൊണ്ടുതന്നെ, അതിനു മുൻപില്ലാത്ത രീതിയിൽ ഒരു കവിത (കല്യാണസൗഗന്ധികം ശീതങ്കൻതൂള്ളൽ) ഉണ്ടാക്കി, അതിനെ രംഗത്തിൽ അഭിനയിക്കുന്നതിനു ഒരു വേഷവും നിശ്ചയിച്ചു. പിറ്റേദിവസം നാടകശാലയിൽ ചാക്യാർ കൂത്ത് ആരംഭിച്ചപ്പോൾ, നമ്പ്യാർ ഒരു പുതിയ വേഷംകെട്ടി അമ്പലപ്പഴ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ വശത്തുള്ള കളിത്തട്ടിന്മേൽ കയറി, മേളതാളസംഗീതത്തോടുകൂടി തുള്ളൽ ആരംഭിച്ചു. കളിത്തട്ടിന്മേൽ കൊട്ടും, പാട്ടും, തുമ്മലും, ആംഗ്യവും, ഭാവവും എല്ലാം കലശൽ ആയപ്പോൾ, ഇത് എന്തൊരു വിദ്യയാണെന്നു നോക്കുവാനായി നാടകശാലയിൽ കൂടിയിരുന്നവർ ഒന്നാകെ, നമ്പ്യാർക്കു ചുററും ചെന്നു കൂടി. നാടകശാലയിൽ ചാക്യാരും പിന്നിലിരുന്നു മിഴാവു കൊട്ടുന്ന ഒരു നമ്പ്യാരും മാത്രം ശേഷിച്ചു. നമ്പ്യാരുടെ പുതിയ പ്രസ്ഥാനത്തിലുള്ള പ്രയോഗവും, പണ്ഡിതപാമരാന്തം ആകർഷിക്കുന്നതിനു ശക്തിയുള്ള അദ്ദേഹത്തിൻ്റെ കവിതാമാധുര്യവും, അഭിനയചതുരതയും കണ്ട്, വന്നവർക്കാർക്കും തിരിച്ചുപോകാൻ നിവൃത്തിയുണ്ടായില്ല. കേൾക്കാൻ ആളില്ലെന്നായപ്പോൾ, ചാക്യാർ കൂത്തും മതിയാക്കിപ്പോവുകയും ചെയ്തു. ഇങ്ങനെയായിരുന്നു തുള്ളൽക്കഥയുടെ ഉത്ഭവം.”