തുള്ളൽ പ്രസ്ഥാനം
“നഗരാർണ്ണവശൈലർത്തു ചന്ദ്രാർക്കോദയവർണ്ണനൈ:’
എന്നു തുടങ്ങുന്ന ലക്ഷണപ്രകാരം വിരചിതങ്ങളായ മഹാ കാവ്യങ്ങൾ പാരായണം ചെയ്യുവാൻ, ഒന്നുരണ്ടു വ്യാഴവട്ടത്തിനുമുമ്പ് നമ്മുടെ ജനങ്ങൾ വളരെ ഉത്സുകരായിരുന്നു. അന്നവർക്കു അതിനുവേണ്ട സമയവും, സൌകര്യാദികളും അത്ര കുറവായിരുന്നില്ല. പരിതസ്ഥിതികളും അത്തരത്തിലുള്ളതായിരുന്നു. എന്നാൽ ഉദരം ഭരിക്കുവാനുള്ള വ്യഗ്രത വർദ്ധിച്ചുവന്നതോടുകൂടി, അത്തരം ദീർഘകാവ്യങ്ങൾ വായിക്കുവാൻ അധികംപേർക്കും സൗക്യമില്ലാതെ തീർന്നു. സ്വകൃത്യനിർവ്വഹണത്തിനുതന്നെ, വല്ല “ലഘൂകരണയന്ത്രങ്ങളും നിർമ്മിച്ചാൽ കൊള്ളാമെന്നു വിചാരിക്കുന്നവരാണു് ആധുനികരിൽ അധികമാളുകളും. ആ സ്ഥിതിക്കു വളരെ ദുർല്ലഭമായി മാത്രം ലഭിക്കുന്ന വിശ്രമാവസരങ്ങളെ സഫലമാ ക്കുവാനുതകുന്ന ലഘുകാവ്യങ്ങൾ നിർമ്മിക്കുവാൻ കവികളും യഥാകാലം നിർബന്ധിതരായി. ആംഗ്ലേയ സാഹിത്യവുമായുള്ള പരിചയം വഴിക്കാണല്ലൊ, ഖണ്ഡകാവ്യ പ്രസ്ഥാനം ഭാഷയിൽ ഉണ്ടായിട്ടുള്ളതു്. ആ പ്രസ്ഥാനത്തിനു് ആംഗ്ല സാഹിത്യത്തിൽ ഇന്നു വലിയ പ്രചാരവുമാണു്. പ്രസ്തുത സാഹിത്യവുമായി പരിചയിച്ച കേരളീയർക്ക്, ആ ഭാഷയിലെ കൃതികൾ പലതും വായിച്ചു ഗ്രഹിക്കുവാനും സാധിച്ചുതുടങ്ങി. എന്നാൽ ഇംഗ്ലീഷു ഭാഷാനഭിജ്ഞന്മാരായവർക്ക് അതിൻ്റെ സ്വാദു ഗ്രഹിക്കുവാൻ സാധിക്കാതെയുമായി. ഈ ദുസ്ഥിതിയെ ഗ്രഹിച്ചു് – ജനസഞ്ചയത്തിൻ്റെ അഭിരുചിയെ മനസ്സിലാക്കി – കവികളും രംഗംനോക്കി ചൊല്ലിയാടുവാൻ ആരംഭിച്ചു. അതിൻ്റെ ഫലമായിട്ടാണു്, ആധുനിക ഖണ്ഡകാവ്യങ്ങളും മററും ഭാഷയിൽ രംഗപ്രവേശം ചെയ്യുവാൻ ഇടയായിട്ടുള്ളതു.
