തുള്ളൽ പ്രസ്ഥാനം
തുള്ളലിൻ്റെ സമുൽപത്തിക്കും നിദാനമായിട്ടുള്ളതു്, ഇതുപോലെയുള്ള ചില പരിണാമങ്ങൾ തന്നെയാണു്. അന്നത്തെ ലോകഗതിയും സാഹിത്യ ചരിത്രവും പരിശോധിച്ചാൽ ഈ സംഗതി ഹസ്താമലകം പോലെ നമുക്കു പ്രത്യക്ഷമാകുന്നതുമായിരിക്കും.
‘സുഖാർത്ഥാഃ സർവ്വഭൂതാനാം മതാസ്സർവ്വാഃ പ്രവൃത്തയ:’ എന്നു വാഗ്ഭടൻ പറഞ്ഞിട്ടുള്ളതു് എത്രയോ പരമാർത്ഥം! മനുഷ്യരെല്ലാവരും എക്കാലത്തും സുഖേച്ഛുക്കളും വിനോദപ്രിയന്മാരുമാണു്’.
‘ചിരിക്കുന്ന കഥ കേട്ടാലിരിക്കുമായതല്ലെങ്കിൽ തിരിയ്ക്കുമങ്ങനെ ഭാവിച്ചിരിക്കുന്ന’
ജനങ്ങളെ ചിരിപ്പിച്ചു രസിപ്പിക്കുവാനും തദ്വാരാ ധർമ്മോപദേശം നിർവ്വഹിക്കുവാനും ഉതകുന്ന ഒരു പ്രത്യക്ഷ വിനോദമായിരുന്നു അക്കാലത്തു ചാക്യാർകൂത്ത്. കൂത്തിൽ മിഴാവു കൊട്ടുന്ന ജോലി കുലവൃത്തിയായി സ്വീകരിച്ചുവന്ന ജാതിയിൽപെട്ട നമ്പ്യാർക്കു് അത്തരം നൃത്യരീതിയിൽ വാസനയും പരിചയവും നന്നായി സിദ്ധിച്ചിരിക്കുമെന്നു കരുതാവുന്നതാണു്. എന്നാൽ താൻ ജാതിയിൽ ചാക്യാരല്ലാത്തതുകൊണ്ടു്, രംഗത്തു വന്നു കൂത്തുപറയുവാൻ അധികാരമില്ലാത്തവനുമായിരുന്നു. ചാക്യാരുടെ അനുചരനായ നമ്പ്യാർക്ക്, പാഠകം പറയുവാനുള്ള അധികാരമുണ്ടായിരുന്നല്ലൊ എന്നാലോചിക്കുകയാണെങ്കിൽ പാഠകം പറയുന്നവരെപ്പറ്റി നമ്മുടെ കവിക്ക് അക്കാലത്തു വേണ്ടത്ര ബഹുമാനമൊന്നുമുണ്ടായിരുന്നില്ലെന്നു കാണാവുന്നതാണു്. വിജ്ഞന്മാരുടെ വേഷംകെട്ടി തട്ടിപ്പുകാട്ടി മറ്റുള്ളവരെ പറ്റിച്ചുനടക്കുന്ന വർഗ്ഗക്കാരായിട്ടുകൂടി അവരിൽ പലരേയും നമ്പ്യാർ ഗണിച്ചിരുന്നു.
