തുള്ളൽ പ്രസ്ഥാനം
‘പാഠകന്മാരെന്നു ഭാവിച്ചരങ്ങത്തു
വാടാതെ നിന്നുടൻ ജൽപ്പിച്ചു ജൽപ്പിച്ചു
മൂഢരെ ബോധം വരുത്തിക്കരസ്ഥമാ-
കീടുന്നു വിത്തം വിദഗ്‌ധരായുള്ളവർ’
എന്നിങ്ങനെ ഹരിണീസ്വയംവരത്തിലും മറ്റും അവരെ അധിക്ഷേപിച്ചിട്ടുള്ളതു നോക്കുക. ഈ നിലയിൽ നിരങ്കുശബുദ്ധിയായ നമ്പ്യാർക്ക്, ഇതരകലാപ്രസ്ഥാനങ്ങളെ ശരണം പ്രാപിക്കേണ്ടതായി വന്നുകൂടി. ചമ്പുക്കൾ, ആട്ടക്കഥകൾ, കിളിപ്പാട്ടുകൾ മുതലായവയായിരുന്നു അക്കാലത്തെ പ്രസിദ്ധവും പ്രധാനവുമായ സാഹിത്യപ്രസ്ഥാനങ്ങൾ. ചമ്പുക്കൾക്ക്, നമ്പ്യാരുടെ കാലത്തു പൊതുജനങ്ങളുടെ ഇടയിൽ അധികം പ്രചാരമുണ്ടായിരുന്നില്ലെന്നു തോന്നുന്നു. അതിനാൽ നമ്പ്യാരുടെ ശ്രദ്ധ ആ വഴിക്കു തിരിഞ്ഞതുമില്ല. ആട്ടക്കഥ അക്കാലത്തു പ്രചാരത്തിലിരുന്ന ഒരു കലാവിദ്യയായിരുന്നെങ്കിലും, അതിലെ ചില വൈകല്യങ്ങൾകൊണ്ടു നമ്പ്യാർക്കു് അതിൽ കൗതുകമില്ലാതെയും തീർന്നു. ഒന്നാമതു അനേകംപേരുടെ ഒത്താശയുണ്ടെങ്കിലെ ഒരു കഥകളിയോഗം ഒത്തുകിട്ടുകയുള്ള, എന്നല്ല, ആട്ടക്കഥ കണ്ടുരസിക്കുവാൻ, ആട്ടക്കാരനും പ്രേക്ഷകന്മാരും ഒന്നുപോലെ ചില മുദ്രക്കൈകളും മററും പഠിച്ചിരിക്കണം. അതില്ലെങ്കിൽ അതിൻ്റെ രസം മുഴുവൻ അനുഭവിക്കുവാൻ അവർക്ക് സാധ്യവുമല്ല.
