മഹാകവി കുഞ്ചൻ നമ്പ്യാർ. അദ്ധ്യായം 3

തുള്ളൽ പ്രസ്ഥാനം

തുള്ളൽ എന്നു് അഭിധാനമുള്ള നമ്പ്യാരുടെ ഈ അഭിനവ കലാ പ്രസ്ഥാനത്തെ ആവിർഭവിപ്പിക്കുന്നതിനു് അക്കാലത്തു പ്രചാരത്തിൽ ഇരുന്നിരുന്ന പ്രസിദ്ധ പ്രസ്ഥാ നങ്ങളിലെ ആസ്വാദ്യങ്ങളായ അംശങ്ങളെ യഥായോഗ്യം സംയോജിപ്പിക്കേണ്ട ആവശ്യമേ നമ്പ്യാർക്കുണ്ടായിരുന്നുള്ള. ചാക്യാർകൂത്തു പ്രത്യക്ഷരസമുള്ളതും, നമ്പ്യാർക്ക് ചിരകാ ലപരിചയവും അഭിരുചിയും ജനിച്ചിരുന്നതുമായ ഒരു വിനോദ കലയായിരുന്നല്ലൊ. പക്ഷേ സംഗീതരസം അതിൽ തീരെ കുറവായിരുന്നു. ആ ന്യൂനതയെ പരിഹരിക്കുവാൻ സംഗീത രീതിക്കു യോജിച്ചതും, വിചാരധാരയെ അനർ​ഗ്​ഗളമായി നിർഗളിപ്പിക്കുന്നതുമായ ചില പ്രസിദ്ധ വൃത്തങ്ങളെ അദ്ദേഹം തേടിപ്പിടിക്കുവാൻ തുടങ്ങി. അതിലേയ്ക്ക്, അക്കാലത്തു നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലിരുന്ന ചില ഗാനരീതികളെത്തന്നെ അനുകരിക്കുവാൻ നിശ്ചയിച്ചു. അത്രതന്നെയുമല്ല, കണ്ണശ്ശൻ, ചമ്പുകാരന്മാർ, എഴുത്തച്ഛൻ മുതലായവർ ഉപയോഗിച്ചിരുന്ന പല വൃത്തങ്ങളെയും അഭിനവരീതിക്കു വേണ്ട പരിഷ്കരണങ്ങളോടുകൂടി നമ്പ്യാർ തൻ്റെ കലാപ്രസ്ഥാനത്തിലേയ്ക്കും സ്വീകരിക്കുകയും ചെയ്തു. ഓട്ടൻ, ശീതങ്കൻ, പറയൻ എന്ന രീതിഭേദങ്ങളോടുകൂടിയ മൂന്നുതരം തുള്ളൽപ്പാട്ടുകളിലും പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങൾ ഇത്തരത്തിലുള്ളവയാണ്.

ചാക്യാർകൂത്തിലെ സംഗീതരസത്തിൻ്റെ അഭാവത്തെ ഈവിധത്തിൽ വൃത്തപരിഷ്ക്കാരംകൊണ്ടു ഒരുവിധം പരിഹരിച്ചു. തൻ്റെ പുതിയ പ്രസ്ഥാനത്തിൽ, ആട്ടക്ക ഥയിലെപ്പോലെ വേഷവിധാനങ്ങളോടുകൂടിയ ചില അഭിനയങ്ങൾ, കാണികളെ ആകർഷിക്കുവാൻ കൂടുതൽ പര്യാപ്തമാകുമെന്നു നമ്പ്യാർക്കു അറിയാമായിരുന്നു. അതിനാൽ ആ അംശം, ആട്ടക്കഥയെ അനുകരിച്ച്, നമ്പ്യാർ തൻ്റെ നവ്യകാവ്യപ്രസ്ഥാനത്തിലേയ്ക്കു് സ്വീകരിച്ചു. വേഷത്തിലെന്നപോലെതന്നെ താളമേളത്തിലും മദ്ദളം മുതലായ ചില ഉപകരണങ്ങൾ ആട്ടക്കഥയിൽനിന്നു ഇങ്ങനെ അംഗീകരിച്ചിട്ടുള്ളവയാണു്. ശേഷമുള്ള ഭാഗങ്ങൾ മിക്കതും ചാക്യാർകൂത്തിൻ്റെ പരിഷ്ക്കരണങ്ങൾ തന്നെ. കൂത്തുപറയുന്നതിനു് അവലംബമായിരുന്ന പുരാണകഥകൾ തന്നെയാണല്ലൊ തുള്ളലുകളിലേയും ഇതിവൃത്തം. ഫലിതവും പരിഹാസവും കൂത്തിൻ്റെ നട്ടെല്ലായിരുന്നെങ്കിൽ തുള്ളൽക്കഥകളുടെ ജീവനും അതു തന്നെ. ചുറ്റുമുള്ള ലോകപ്രകൃതിയെ ചിത്രീകരിച്ചു തന്മയത്വത്തെ വർദ്ധിപ്പിക്കുന്ന വിഷയത്തിൽ ചമ്പൂകാരന്മാർക്കുണ്ടായിരുന്ന ചാതുരി, തുള്ളക്കഥകളിലും കടന്നുകൂടിയിട്ടുണ്ടു്. ഇങ്ങനെ തൻ്റെ ഉദ്ദേശനിർവ്വഹണത്തിനു് ഉചിതങ്ങളായ ഉപകരണങ്ങളെ അതാതിൽനിന്നു് സംഭരിച്ചും, എന്നാൽ ഒന്നിനും വിധേയനാകാതെ അവയെല്ലാം സംയോജിപ്പിച്ചും, പ്രതിഭാശാലിയായ നമ്പ്യാർ ‘പുതുമയോടുകൂടി പ്രകാശിപ്പിച്ച ഒരു നവ്യകാവ്യ പ്രസ്ഥാനമാണു് തുള്ളൽപ്പാട്ടുകൾ. ശ്രീമാൻ വി. എം. കുട്ടികൃഷ്ണമേനോൻ അവർകൾ ബി.എ. യുടെ അഭിപ്രായം ഈ അവസരത്തിൽ ഉദ്ധരണീയമായി തോന്നുന്നു.