ത്രിമൂർത്തികൾ – ഉള്ളൂർ
ആ രണ്ടക്ഷരം കേരളീയരുടെ ഉള്ളിൽ എന്നും ഊന്നിനില്ക്കുന്ന ഒരു ഉജ്ജ്വല ശബ്ദമാണു്. എന്താണു് അതിൽ ഉൾക്കൊള്ളുന്ന ആശയം? ആ മഹാകവിയുടെ ചരിത്രമറിയാവുന്ന ഏതൊരാളും പറയും, അതു് ഉദ്യമത്തിൻ്റെ പര്യായമാണെന്ന്. കേരളഭാഷയുടേയും സാഹിത്യത്തിൻ്റേയും നാനാമുഖമായ ഉൽക്കർഷത്തിനായി ഇത്രവളരെക്കാലം സതതോദ്യമശാലിയായി ഉള്ളൂരിനെപ്പോലെ ജീവിതം നയിച്ച മറ്റൊരു വ്യക്തിയെ കേരളസാഹിത്യചരിത്രത്തിൻ്റെ ഏടുകളിൽ ഒരിടത്തും നമുക്കു കാണുവാൻ സാധിക്കുന്നതല്ല. കേരളസാഹിത്യചക്രവർത്തിയായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ കാലശേഷം, അവിടത്തേക്കുണ്ടായിരുന്ന ആ പാണ്ഡിത്യദാക്ഷിണ്യാദി ഗുണവിശേഷങ്ങൾ മിക്കവാറും ഒത്തിണങ്ങി കേരളസാഹിത്യസാർവ്വഭൗമനായി വാഴുവാനും ഉദ്യമേന്ദ്രനായ ഉള്ളൂരിനല്ലാതെ മറ്റൊൾക്കും കഴിഞ്ഞിട്ടുമില്ല.
ജീവചരിത്രം: തിരുവനന്തപുരം രാജധാനിയിൽനിന്നു് ഏതാണ്ട് നാലുനാഴിക വടക്കായി ഉള്ളൂർ എന്നൊരു ഗ്രാമമുണ്ട്, ആ ഗ്രാമത്തിലാണ് മഹാകവിയുടെ പിതൃഗൃഹം. ഗൃഹത്തിനും ഗ്രാമത്തിനും തമ്മിലുള്ള ബന്ധത്തിൽനിന്നാണു് ചരിത്രപുരുഷൻ ഉളളൂർ പരമേശ്വരയ്യർ എന്ന പേരിൽ പ്രസിദ്ധനായതു്. 1052 ഇടവം 25-ാം തീയതി സുബ്രഹ്മണ്യയ്യരുടേയും ഭഗവതിയമ്മാളുടേയും പുത്രനായി പരമേശ്വരയ്യർ ജനിച്ചു. പിതാവായ സുബ്രഹ്മണ്യയ്യർ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു. അദ്ദേഹം ഉദ്യോഗാർത്ഥം അക്കാലത്തു് ചങ്ങനാശ്ശേരിയിൽ പാലുരു നമ്പൂരിയുടെ ഇല്ലത്തു കുടുംബസമേതം താമസിച്ചിരുന്ന കാലത്താണു മഹാകവി ജനിച്ചത്. ”കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ലക്ഷ്മീപുരത്തു രവിവർമ്മ കോയിത്തമ്പുരാൻ എന്നീ രണ്ടു മഹാകവികളുടെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ, ഭാവിയിൽ അവരുടെ ശിഷ്യത്വംവരിച്ചു കവികുലകൂടസ്ഥനായിത്തീർന്ന പരമേശ്വരയ്യരും ഭൂജാതനായി എന്നത് അജ്ഞാതമായ വിധിവൈഭവം കൊണ്ടു സംഭവിച്ചു എന്നു വിചാരിക്കണം.” * (ഉള്ളൂർ മഹാകവി, പേജ് 10.)
