ത്രിമൂർത്തികൾ – ഉള്ളൂർ
ആശയശുദ്ധിയും ആദർശമഹത്ത്വവും ഉള്ളൂർക്കവിതയിലെപ്പോലെ മറ്റധികം കൃതികളിൽ നാം കാണുകയില്ല “ചാകുംവരയ്ക്കുൽ ഗതിനേടിനേടി–ത്തൻജീവിതത്തെച്ചരിതാർത്ഥ”മാക്കണമെന്നാണ് കവി ലോകത്തെ എന്നും ഉപദേശിക്കുന്നത്. കാലോചിതവും സ്‌പൃഹണീയവുമായ പരിഷ്കാരഗതിയെ ആരും ആദരിക്കേണ്ടതാണെന്നും, അതിൽ വിലങ്ങടിച്ചു നില്ക്കുന്നതു ബുദ്ധിപൂർവ്വകമല്ലെന്നും ‘വിചാരധാര’യിൽ കവി ഉദ്ബോധിപ്പിക്കുന്നതു നോക്കുക:
കുളത്തിലെപ്പാഴ്ക്കെടുനീറ്റിലല്ല – കൂത്താടിനില്ക്കുന്നതു ലോകമിപ്പോൾ
കുതിച്ചു രത്നാകരസഖ്യമാളും – കൂലങ്കഷയ്ക്കുള്ള പയസ്സിലല്ലോ.
സദാചാരത്തെ പരിപൂർണ്ണമാക്കുന്നതിനു് ഒരു ദിവ്യപ്രേരണയും, ആഹ്ലാദവികാരവും അത്യന്താപേക്ഷിതമാണെന്നു മാത്യു ആർനോൾഡ് പറയുന്നു. ഉള്ളൂർക്കവിതയിൽ ഈ ഗുണവിശേഷങ്ങൾ സമൃദ്ധിയായി നമുക്കു കാണാം. ലോകപരിചയം കൊണ്ടും മനഃപാകതകൊണ്ടും കാര്യക്ഷമനായ ഒരു കർമ്മയോഗിയെയാണ് ഉള്ളൂർക്കവിതകളിൽ നാമെപ്പോഴും കാണാറുള്ളത്. ഉദ്ബോധനം തുടങ്ങിയ കൃതികൾ നോക്കുക, അല്ലെങ്കിൽ, ‘വേണ്ടല്ലോ വേറിട്ടൊന്നും.’
