ത്രിമൂർത്തികൾ – ഉള്ളൂർ
രണ്ടുകണ്ണൊരേമട്ടിലെന്തിന്നു നല്കീ? നമ്മൾ
ബന്ധുവിന്നൊപ്പം തന്നെ വൈരിയെക്കണ്ടീടുവാൻ;
എന്തിനായവയ് ക്കേകി പാർപ്പിടം മുഖത്തിങ്കൽ?
സന്തതം മുന്നോട്ടേയ്ക്കു മാത്രം നാം നോക്കീടുവാൻ;
കർണ്ണങ്ങളെന്തിന്നൊപ്പം രണ്ടെണ്ണം സമ്മാനിച്ചു?
നിന്ദയെ സ്തോത്രത്തിന്നു തുല്യമായ് ശ്രവിക്കുവാൻ;
നാവെന്തിന്നൊതുക്കമായാസ്യത്തിനകം നിർത്തി-
ക്കാവലായതിന്നാക്കി പല്ലു മുപ്പതും രണ്ടും?
എത്രയും കുലാംഗനാരീതിയിൽപ്പാർപ്പാൻ ജിഹ്വ;
വക്തവ്യം വരിക്കുവാൻ മാത്രമായ് വെളിക്കൊൾവാൻ
എന്തിനായ് രസജ്ഞയിൽബ്ഭാഷയെ പ്രതിഷ്ഠിച്ചു?
പന്തിയിൽ സ്വാദുക്തിയാം പീയുഷം പകർന്നിടാൻ;
എന്തിനായ് ദന്തങ്ങളിൽ ധാവള്യം മേളിപ്പിച്ചു?
ബന്ധുരസ്മിതം വാക്കിൻ മുന്നോടിയായിത്തീരാൻ;
നട്ടെല്ലു കോട്ടംവെടിഞ്ഞെന്തിനായ്ത്തീർത്തു? നമ്മ-
ളുത്ഥാനശീലന്മാരായ് ജീവിതം നയിക്കുവാൻ.
ഇങ്ങനെ സരസോജ്വലവാണിയിൽ ധർമ്മപ്രചോദനം ചെയ്യുന്ന കവിയുടെ കലാകൗശലം ആരുടെ ആദരാഭിനന്ദനങ്ങളെയാണു് അർഹിക്കാത്തതു്?
