പദ്യസാഹിത്യചരിത്രം. പത്തൊമ്പതാമദ്ധ്യായം

ത്രിമൂർത്തികൾ – ഉള്ളൂർ

ജീവിതാദർശം: ഉള്ളൂർക്കവിതകളുടെ ഉള്ളിൽക്കടന്നു നോക്കിയാൽ അവ സംസ്കാരം, സദാചാരം, സനാതനധർമ്മം എന്നിങ്ങനെയുള്ള ചില മഹദാദർശങ്ങൾക്കുവേണ്ടി രൂപഭാവങ്ങൾ കൈക്കൊണ്ടിട്ടുള്ളതാണെന്നു കാണാം. ആർഷ സംസ്ക്കാരത്തിൻ്റെ കാലോചിതമായ ഒരു വ്യാഖ്യാതാവായിട്ടാണു മഹാകവി പലതിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളതു്. ആര്യസംസ്കാരത്തിൻ്റെ തിരസ്കാരംകൊണ്ട് ലോകം ശ്രേയോന്മുഖമായി ഒരടിപോലും മുന്നോട്ടുപോകയില്ലെന്നും, നേരേമറിച്ച്, അതിൻ്റെ ആദരപൂർവ്വമായ സ്വീകരണം കൊണ്ട് സനാതനമായ ആനന്ദത്തിലേക്കും മഹത്ത്വത്തിലേക്കും ഉയരുകയുള്ളൂവെന്നും മഹാകവി ദൃഢമായി വിശ്വസിച്ചിരുന്നു. അതിനാൽ ആഗമാപായിയായ യാതൊരു സുഖത്തെയും പുരോഗമനത്തെയും അദ്ദേഹം വിഭാവനം ചെയ്തിരുന്നില്ല. വ്യാസനും, വാല്മീകിയും, ഭാസനും, കാളിദാസനും അത്തരത്തിലുള്ള മറ്റു വിശ്വോത്തരകവികളും കത്തിച്ച ദീപങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മഹാകവിയുടെ, എന്നും ഏതിലുമുള്ള പുരോഗതി. വിശേഷിച്ച്, ഭാരതത്തെ, മഹാഭാരതത്തെ, സർവ്വോപരിയായും അദ്ദേഹം ആദരിച്ചിരുന്നു. ആർഷസംസ്ക്കാരത്തിൻ്റെ സാരസർവ്വസ്വം പിഴിഞ്ഞരിച്ചെടുത്തും നമുക്കു തരുവാനാണു കർണ്ണഭൂഷണം മുതലായ കൃതികളിൽ മഹാകവി ശ്രമിച്ചിട്ടുള്ളത്. ആര്യപുരാതനന്മാർ ആവിഷ്കരിച്ചിട്ടുള്ള സനാതന ധർമ്മമാർ​ഗ്​ഗങ്ങളിലൂടെ മുന്നേറിയാൽ മാത്രമേ ജനാവലി എത്തേണ്ട ദിക്കിൽ ചെന്നെത്തുകയുള്ളൂവെന്നു് മഹാകവി ദൃഢമായി വിശ്വസിക്കുന്നു. ജീവിതസമരത്തിൽ വിജയവും പരാജയവും സംഭവിച്ചേക്കാം. പക്ഷേ, ഒന്നുണ്ട്:

എന്തിന്നുവേണ്ടി നീയെങ്ങനെ പോർചെയ്തു
ചിന്തിച്ചിടേണ്ടതീ രണ്ടുകൂട്ടം;
നന്മയ്ക്കുവേണ്ടി നീ നേർവഴിയിൽനിന്നു
ധർമ്മയുദ്ധം ചെയ്തു തോറ്റുപോയാൽ
പോകട്ടെ; ആ തോൽവിതന്നെ ജയമെന്നു
ലോകർ കടശിയിൽ സമ്മതിക്കും.

ഇതാണു് ആർഷസംസ്കാരത്തിൽ അടിയുറച്ച മഹാകവി നമ്മെ എന്നും ഉദ്ബോധിപ്പിക്കുന്നതു്.