ത്രിമൂർത്തികൾ – ഉള്ളൂർ
പുത്രന് പിതാവു് നല്കിയ നാമധേയം സാംബശിവൻ എന്നായിരുന്നു. എന്നാൽ സ്ത്രീകൾ ഓമനപ്പേരായി പരമേശ്വരൻ എന്നു വിളിച്ചുവന്നു. പ്രസ്തുത നാമധേയമാണു പില്ക്കാലത്തു പ്രസിദ്ധമായിത്തീർന്നത്. 1065-ൽ സബ്രഹ്മണ്യയ്യർ മരിക്കുന്നതുവരെയും മഹാകവി ചങ്ങനാശ്ശേരിയിൽത്തന്നെ താമസിച്ചിരുന്നു. അനന്തരം അദ്ദേഹം കുടുംബാംഗങ്ങളോടുകൂടി ഉളളൂർ ഗ്രാമത്തിലേക്കു താമസം മാറ്റി. പിതാവിൻ്റെ മേൽനോട്ടത്തിൽ ചങ്ങനാശ്ശേരിയിൽവച്ച് ആരംഭിച്ചിരുന്ന വിദ്യാഭ്യാസം ഇവിടെ വന്നശേഷവും തുടർന്നു. പരമേശ്വരയ്യർ 1072-ൽ ബി. ഏ. പരീക്ഷയിൽ ജയിച്ചു്, തിരുവനന്തപുരത്ത് ഒരദ്ധ്യാപകനായി ജോലിനോക്കിത്തുടങ്ങി. 1078-ൽ ബി. എല്ലും, 1079-ൽ മലയാളവും തമിഴും മുഖ്യവിഷയങ്ങളായെടുത്ത് എം. ഏ. യും പാസ്സായി. ഇക്കാലത്തിനിടയ്ക്കു കവിയും പണ്ഡിതനുമെന്ന നിലയിൽ പരമേശ്വരയ്യരുടെ കീർത്തി കേരളമൊട്ടുക്കു പരന്നിരുന്നു. ആദ്യത്തെ അദ്ധ്യാപകവൃത്തിവിട്ട് 1085 വരെ തഹസീൽദാർ, പിന്നീടു റവന്യൂ വിട്ട് നീതിന്യായവകുപ്പിൽ കടന്നു ക്രമത്തിൽ മജിസ്ട്രേട്ട്, ഹജൂർ സെക്രട്ടറി, പേഷ്കാർ എന്നീ സ്ഥാനങ്ങളിൽ എത്തി. ലാൻഡ് റവന്യൂ കമ്മീഷണരായിരിക്കെ 1107 ഇടവം 25-ാം തീയതി ഉദ്യോഗത്തിൽനിന്നു പെൻഷൻപറ്റി പിരിഞ്ഞു. പിന്നീടു മരണംവരെ അദ്ദേഹം ഏകതാനനായി സാഹിത്യ സേവനം തന്നെയാണു് ചെയ്തുപോന്നത്. തമിഴിൻ്റെ വംശത്തിൽ പിറന്നു് ഹൗണി, ഗൈർവ്വാണി, കൈരളി എന്നീ ഭാഷകളിലെല്ലാം അന്യാദൃശവൈദദ്ധ്യം നേടിയിരുന്ന പണ്ഡിതമൂർദ്ധന്യനും മഹാകവിയുമായ ഈ മഹാപുരുഷൻ 1125 മിഥുനം 1-ാം തീയതി യശഃശരീരനായിത്തീർന്നു.
കൃതികൾ: തൻ്റെ കാവ്യജീവിതത്തിൻ്റെ ആരംഭം തൊട്ടു് വളരെക്കാലം സാങ്കേതികപ്രസ്ഥാനത്തിൽത്തന്നെ വിഹരിച്ചിരുന്ന ഒരു കവിയാണ് ഉള്ളൂർ. വഞ്ചീശഗീതി, മംഗളമഞ്ജരി മുതലായ രാജസ്തോത്രങ്ങൾ, സുജാതോദ്വാഹം ചമ്പു, പുരാണസംബന്ധമായ അനേകം കൂട്ടുകവിതകളുടെ സമാഹാരമായ അരുണോദയം തുടങ്ങിയവയെല്ലാം ഈ കാലഘട്ടത്തിലെ മുഖ്യകൃതികളായി കണക്കാക്കാം.
