പദ്യസാഹിത്യചരിത്രം. പത്തൊമ്പതാമദ്ധ്യായം

ത്രിമൂർത്തികൾ – ഉള്ളൂർ

‘ഉള്ളൂരുജ്ജ്വലശബ്ദാഢ്യൻ’ എന്ന ചൊല്ലിനെ സവിശേഷം ഉദാഹരിക്കുന്ന ഒരു മനോഹര കൃതിയാണു തിരുവിതാംകൂറിലെ ശ്രീമൂലംതിരുനാൾ മഹാരാജാവിൻ്റെ ഷഷ്ടിപൂർത്തി പ്രമാണിച്ചെഴുതിയ മംഗളമഞ്ജരി.

സത്തോദത്തെശ്ശമിപ്പിപ്പതിനനവരതം സജ്ജനാമിജ്ജനേശൻ
സത്തോകം പോലെ പാലിപ്പളവഴകുമലങ്കാരവും പാരമേന്തി
ഹൃത്തോഷത്തോടു മേളിപ്പതിനിടവരുമിക്കൈരളിത്തയ്യലാളിൻ
നൃത്തോദ്യൽ കങ്കണാളി കലിതകളകളം കാട്ടിലും കേട്ടിടുന്നു.
ക്ഷോണിക്കുത്തം സമാമിശ്ശുഭചരിതനിളാജനിശുശ്രൂഷയിങ്കൽ-
ക്കാണിക്കും ഭക്തിമൂലം കലിതകുതുകയായ്ത്തന്നിശാന്താന്തികത്തിൽ
പ്രീണിക്കും മാനസത്തോടനുദിനമഭിശോഭിപ്പു നിശ്ശേഷഭാഷാ-
ശ്രേണിക്കും റാണി, രത്നാഭരണഗണരണൽപ്പാണി, ഗീർവ്വാണവാണീ.
വാണിമാതിൻ്റെ… ജഗദ്വിസ്മയൻ യുഷ്മദീയൻ.

ഓജസ്വിയായ ഇത്തരം ശബ്ദഗുംഫനത്തിനു് നമ്മുടെ യുവകവികളിൽ ഇന്നു എത്രപേർക്കു കഴിവുണ്ട്? മഹാകവിയുടെ സാങ്കേതിക പ്രസ്ഥാനത്തിലുള്ള ഉമാകേരളത്തെപ്പറ്റി 14-ാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.