പദ്യസാഹിത്യചരിത്രം. പത്തൊമ്പതാമദ്ധ്യായം

ത്രിമൂർത്തികൾ – ഉള്ളൂർ

ആശാനും വള്ളത്തോളും കാല്പനികപ്രസ്ഥാനത്തിൽ വിഹരിച്ചു വളരെ കഴിഞ്ഞ ശേഷമേ ഉള്ളൂർ ആ രംഗത്തേക്കു കടന്നുവന്നുള്ളു. അദ്ദേഹം ക്ലാസ്സിസിസത്തിൽ അത്രത്തോളം അടിയുറച്ചു നില്ക്കുകയായിരുന്നു. അക്കാലങ്ങളിൽ കാല്പനിക പ്രസ്ഥാനത്തിലേക്കു കടന്നിട്ടും മഹാകവിക്കു ക്ലാസ്സിസിസത്തെ അതിൽനിന്നും നിശ്ശേഷം നീക്കിനിറുത്തുവാൻ സാധിച്ചിരുന്നുമില്ല. മറ്റൊരുവിധത്തിൽ ആലോചിക്കുന്നതായാൽ ക്ലാസ്സിക് പാരമ്പര്യത്തിൽ അടിയുറച്ചുനിന്നുകൊണ്ട് കാല്പനിക ത്വത്തിലേക്കുള്ള ഒരുതരം എത്തിനോട്ടമേ ഉള്ളൂർക്കവിതകളിൽ ഉള്ളൂ എന്നു പറയാവുന്നതാണ്. ഭാരതത്തിലെ പുരാണകഥാപാത്രങ്ങളോടും, അവയുടെ ആദർശോജ്ജ്വലമായ ഭാവങ്ങളോടും, താദാത്മ്യംപൂണ്ട കവിക്ക് അവയിൽനിന്നു ഭിന്നമായ ഒരു മഹത്ത്വം മറെറാരു മണ്ഡലത്തിലും ദർശിക്കുവാൻ സാധിച്ചിരുന്നില്ല. ഏതു മോഹനഭാവിയെ പടുക്കുമ്പോഴും ഈ പുരാണകഥാലോകത്തിൽനിന്നുൽഭൂതമാകുന്ന ഒരു ദിവ്യപ്രചോദനത്തിനു് അദ്ദേഹം എപ്പോഴും വഴങ്ങുന്നതു കാണാം. ഭാരതത്തിൻ്റെ ഭൂതകാലസംസ്കാരത്തിൽ അത്രമാത്രം ഭക്തിനിലീനനാണു് ഉള്ളൂർ. ‘അന്നും ഇന്നും’ എന്ന കവിത മഹാകവിയുടെ ആ പ്രാക്തനകാലഭക്തിയുടെ ‘മൂർദ്ധാഭിഷിക്തോ’ദാഹരണമാണു്.

സ്വദേശാഭിമാനം മഹാകവിയിൽ അങ്ങേയറ്റം വളർന്നിരുന്നു. ഉമാകേരളത്തിൽ,

അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ–
മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ!