പദ്യസാഹിത്യചരിത്രം. പത്തൊമ്പതാമദ്ധ്യായം

ത്രിമൂർത്തികൾ – ഉള്ളൂർ

എന്നു തുടങ്ങുന്ന പദ്യംതന്നെ നോക്കുക. എന്നാൽ റഷ്യൻ വിപ്ലവാനന്തരം പ്രചരിച്ച സ്ഥിതിസമത്വാദർശങ്ങൾ മഹാകവിയെ ആകർഷിച്ചിരുന്നില്ല. രത്നമാലയിലെ ഇന്നത്തെ ലോകം എന്ന കവിതയിൽ അദ്ദേഹം പറയുന്നതു കേൾക്കുക:

കമ്മ്യൂണിസം ഫാസിസമെന്നു രണ്ടു
കരാളമാം മല്ലർ കരങ്ങൾ നീട്ടി
ലോകോദ്ധൃതിക്കുള്ള നവാവതാരം
നീയല്ല ഞാനെന്നു വഴക്കടിപ്പു.

ഇതിൽ നിന്നു മാർക്സിൻ്റെ സ്ഥിതിസമത്വം ഉള്ളൂർ ആദരണീയമായി കരുതിയിരുന്നില്ലെന്നു വ്യക്തമാണല്ലൊ. അദ്ദേഹം ഏതിനും അവലംബമായി കാണുന്നതു ഭാരതാംബയുടെ മൂലിക ഒന്നുമാത്രമാണു്. ഈ ഭാഗം ഇവിടെ നിൽക്കട്ടെ. നമുക്കിനി മഹാകവിയുടെ ഖണ്ഡകാവ്യങ്ങളിൽ ചിലതിൽ കടന്നുനോക്കാം. കർണ്ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല ഇവയത്രേ ഉള്ളൂരിൻ്റെ ഖണ്ഡകാവ്യങ്ങളിൽ മുഖ്യമായവ.

കർണ്ണഭൂഷണം: ഉള്ളൂർ എഴുതിയിട്ടുള്ള കാവ്യങ്ങളിൽ അധികപങ്കും പുരാണകഥാപ്രതിപാദകങ്ങളാണു്. അവയിൽ കർണ്ണഭൂഷണം മുൻപന്തിയിൽ നിലകൊള്ളുന്നു. ഉള്ളൂരിൻ്റെ കവികർമ്മവിജയത്തെ ഉച്ചൈസ്തരം വിളംബരം ചെയ്യുന്ന കൃതിയും അതുതന്നെ. മഹാഭാരതം വനപർവ്വത്തിൽ കുണ്ഡലാഹരണം എന്ന ഭാഗത്തിലുള്ള കഥയാണു് കർണ്ണഭൂഷണത്തിൻ്റെ പശ്ചാത്തലം.

മഹാഭാരതയുദ്ധം ആസന്നമായിരിക്കുന്നു. തൻ്റെ പുത്രനായ അർജ്ജുനൻ കർണ്ണനുമായി ഏറ്റുമുട്ടുമെന്നും, കർണ്ണൻ കവചകുണ്ഡലങ്ങൾ ധരിച്ചിരിക്കുന്നിടത്തോളം കാലം സ്വപുത്രനു് കർണ്ണനെ ജയിക്കാൻ സാദ്ധ്യമല്ലെന്നും മനസ്സിലാക്കിയ ദേവേന്ദ്രൻ ദാനവീരനായ കർണ്ണനോടു കവചകുണ്ഡലങ്ങൾ അർത്ഥിക്കുവാൻ പുറപ്പെടണമെന്നു തീരുമാനിക്കുന്നു. ഈ വസ്തുത എങ്ങനെയോ മനസ്സിലാക്കിയ സൂര്യൻ സ്വപുത്രനായ കർണ്ണൻ്റെ രക്ഷയെ അഭിലഷിച്ചുകൊണ്ടു് അംഗരാജ്യത്തിലെ രാജധാനിയിൽ നീരാളമെത്തയിൽ നിദ്രകൊള്ളുന്ന കർണ്ണൻ്റെ മണിയറയ്ക്കുള്ളിൽ ബ്രാഹ്മണവേഷം ധരിച്ചു പ്രത്യക്ഷപ്പെടുന്നു.