ത്രിമൂർത്തികൾ – ഉള്ളൂർ
അടുത്ത നിമിഷത്തിൽ സംഭവിക്കുവാൻ പോകുന്ന വസ്തുതകളെ സൂര്യൻ കർണ്ണനെ ഗ്രഹിപ്പിക്കുന്നു. അവർ തമ്മിൽ നടക്കുന്ന സംവാദമാണു അടുത്ത ഭാഗം. ഈ കാവ്യത്തിലെ പ്രധാനമായ അംശവും ഈ ഉക്തിപ്രത്യക്തികൾതന്നെ. തൻ്റെ സ്വഭാവനിഷ്ഠ ഏതാപത്തിലും മാറ്റുവാൻ തയ്യാറില്ലെന്നും. സ്വധർമ്മാനുഷ്ഠാനത്തിനു തന്നെ അനുവദിക്കണമെന്നും, ഒടുവിൽ കർണ്ണൻ സൂര്യനോടപേക്ഷിക്കുന്നു. പുത്രൻ്റെ സ്വഭാവവൈശിഷ്ട്യം കണ്ട് ആനന്ദപുളകം കൊള്ളുന്ന സൂര്യൻ, കർണ്ണൻ്റെ ദാനാദർശത്തെ അകമേ ശരിവച്ചു മറയുകയും ചെയ്യുന്നു. ഇങ്ങനെ കർണ്ണൻ്റെ ത്യാഗമോഹനമായ ജീവിതത്തിൻ്റെ ഭാവോജ്ജ്വലമായ ഒരു ചിത്രീകരണമാണു പ്രസ്തുത കൃതിയിൽ ഉടനീളം വ്യാപിക്കുന്നതു്.
കവിയുടെ വർണ്ണനാവൈദഗ്ദ്ധ്യം അടിമുതൽ മുടിവരെ ഒന്നുപോലെ വിളങ്ങുന്നു. ഒരുഭാഗം പ്രത്യേകം ശ്രദ്ധേയമാണു്. കന്യകയായ കുന്തി താപസമന്ത്രത്തിൻ തത്ത്വപരീക്ഷണത്തിൻ്റെ ഫലമായി സൂര്യനിൽനിന്നു ഗർഭം ധരിച്ചു പ്രസവിക്കുന്നു. പെറ്റമാത്രയിൽത്തന്നെ പേടിച്ചും, നാണിച്ചും അവൾ തൻ്റെ കറ്റക്കിടാവിനെ ഒരു പെട്ടിയിലടച്ചു, ആദ്യം അശ്രുനദിയിലും, പിന്നീട് അശ്വനദിയിലും ഒഴുക്കുകയായി.
ചർമ്മണ്വതിയും യമുനയും ഗംഗയും
ചമ്പാപുരിവരെ മാറിമാറി
വെൺനുരവൈരക്കൽപ്പണിഞ്ഞീടിന
തന്നലക്കൈകളാൽ താങ്ങിത്താങ്ങി—
ക്കൊണ്ടാണത്രെ ആ ഇളം പൈതലിൻ്റെ പൊന്നിറംപൂശിയ ആ പേടകത്തെ രാധയുടെ കരതാരിൽ ചേർത്തതു്. എത്ര മനോഹരമായ ഒരു ചലച്ചിത്രം! ഈ വർണ്ണന ഒന്നുമാത്രം മതി. ഉള്ളൂരിനെ എന്നും മലയാളികൾ ഒരു മഹാകവിയായി അനുസ്മരിക്കുവാൻ.
