പദ്യസാഹിത്യചരിത്രം. പത്തൊമ്പതാമദ്ധ്യായം

ത്രിമൂർത്തികൾ – ഉള്ളൂർ

പിംഗള: മഗ്ദലനമറിയത്തെപ്പോലെയോ, വാസവദത്തയെപ്പോലെയോ പ്രസിദ്ധിയേറിയ വേശ്യയായ പിംഗള മംഗളയായ് ‌വന്ന കഥയാണു അതിൽ വർണ്ണിക്കുന്നത്.

ഭക്തിദീപിക: ശങ്കരാചാര്യരുടെ ശിഷ്യനായ സനന്ദൻ പ്രഹ്ലാദകഥ വായിച്ചു ഭക്തി മുഴുത്തു നരസിംഹമൂർത്തിയായ ഭഗവാനെ പ്രത്യക്ഷമായിക്കാണുവാൻ ഒരു കാട്ടിൽ ചെന്നിരുന്നു് കഠിനമായ തപസ്സാരംഭിക്കുന്നതും, ഒടുവിൽ ആ കാട്ടിൽത്തന്നെയുണ്ടായിരുന്ന ചാത്തൻ എന്നു പേരായ ഒരു വേടൻവഴി സനന്ദൻ അഭീഷ്ടസിദ്ധി നേടുന്നതുമാണു് അതിലെ കഥ.

ചിത്രശാല: അമേരിക്കക്കാരിയായ മിസ്മേയോ, ഭാരതീയവനിതകളെ അധിക്ഷേപിച്ചെഴുതിയ ഒരു ഗ്രന്ഥത്തിനു മറുപടിയെന്ന നിലയിൽ, പുരാണ വനിതകളായ ഗൗരി തൊട്ടുള്ളവരുടെ ചിത്രങ്ങൾ വിടുർത്തിക്കാണിച്ചുകൊണ്ട് എഴുതിയിട്ടുള്ള ഒരു മനോഹരകൃതിയാണിത്.

സമാഹാരങ്ങൾ: കവിയുടെ കാലോചിതമായ വളർച്ചയെ വെളിപ്പെടുത്തുന്ന ലഘുകവിതകൾ ചേർന്ന സമാഹാരങ്ങൾ പലപേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. താരഹാരം, കിരണാവലി, രത്നമാല, മണിമഞ്ജുഷ, ഹൃദയകൗമുദി, തരംഗിണി, കല്പശാഖി, അമൃതധാര, ദീപാവലി, ഇങ്ങനെ പോകുന്നു അവയുടെ പേരുകൾ. താരഹാരത്തിലെ ‘ഒരു മഴത്തുള്ളി’ വളരെ പ്രസിദ്ധമാണ്. ഉള്ളൂർ ഉല്ലേഖഗായകൻ എന്ന ചൊല്ലിനെ സാർത്ഥീകരിക്കുന്നതാണു് പ്രസ്തുത കൃതി. ഉത്തുംഗമായ ഉല്ലേഖങ്ങളെക്കൊണ്ട് മഹാകവി ഒരു മഴത്തുള്ളിയിൽ ഒരു അത്ഭുതപ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തിൽനിന്നു പതിക്കുന്ന ആ ‘കല്യാണമെയ്യാളുമൊരം ബുബിന്ദു’വിൽക്കൂടി മനുഷ്യജീവിതത്തിൻ്റെ ഒരു ചിത്രം മഹാകവി കുറിച്ചിരിക്കുകയാണു്. പരാർത്ഥജീവിതത്തിൻ്റെ ഒരു പ്രതീകമായും കവി അതിനെ പ്രകാശിപ്പിച്ചിരിക്കുന്നു.