ത്രിമൂർത്തികൾ – ഉള്ളൂർ
മണിമഞ്ജുഷയിലെ ‘പ്രേമസംഗീതം’ മഹാകവിയുടെ കവിത്വത്തിൻ്റെ മൂർദ്ധാഭിഷിക്തോദാഹരണമാണു്. ആ ലഘുകവിത ഒന്നുമാത്രം മതി, മഹാകവിയെ കാവ്യലോകത്തിൽ എന്നും ജീവിപ്പിക്കുവാൻ. പ്രേമത്തിൻ്റെ മേന്മയും, അതിൻ്റെ അഭാവത്തിൽ (ദ്വേഷത്തിൻ്റെ ഭാവത്തിൽ) സംഭവിക്കുന്ന ഭയാനകതയും, സപ്രഭേദം കവി അതിൽ പ്രപഞ്ചനം ചെയ്തിരിക്കുന്നു. വിശ്വവിശാലമായി വിലസുന്ന പ്രേമമഹിമയെ, സമഞ്ജസമായ ഒരു അഭിനവദ്രാവിഡവൃത്തത്തിൽ സങ്കല്പോജ്ജ്വലമായി പ്രകാശിപ്പിച്ചിട്ടുള്ള പ്രസ്തുത കൃതി ഭാഷയിലെ ആധുനിക കവിതകളിൽ അനശ്വരമായ ഒന്നുതന്നെ.
“ഒരൊറ്റ മതമുണ്ടുലകി,ന്നുയിരാം – പ്രേമംഅതൊന്നല്ലോ
പരക്കെ നമ്മെപ്പാലമൃതൂട്ടും – പാർവ്വണശശിബിംബം;
ഭക്ത്യനുരാഗദയാദിവപുസ്സാ – പ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും – പ്രകാശമരുളുന്നു.”
“പരാനപേക്ഷം പ്രാണിക്കമരാൻ – പഴുതില്ലൊരിടത്തും;
പരൻപുമാനും പ്രകൃതിസഹായൻ – പ്രപഞ്ചഘടനത്തിൽ”
“മധുവ്രതത്തിനു മടുമലർ വേണം – മനം കുളിർപ്പിപ്പാൻ!
മലർന്ന പൂവിനു വണ്ടും വേണം – മന്നിതു വിണ്ണാവാൻ
പ്രജകൾ ജഗത്തിൻ സുകൃതികൾ ജായാ – പതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ – ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്തോന്നിന – ദോഹദകാലത്തിൽ–
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം – സുഖേന ജനയിത്രി.”
