ത്രിമൂർത്തികൾ – ഉള്ളൂർ
”വിളക്കു കൈവശമുള്ളവനെങ്ങും – വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു – മേന്മേലമൃതമയം”
”പദാർത്ഥനിരതൻ പ്രകൃതിജഭാവം – പരസ്പരാകർഷം;
പ്രാണികുലത്തിൻ പ്രഥമാത്മഗുണം – പരസ്പരപ്രേമം
നമിക്കിലുയരാം; നടുകിൽത്തിന്നാം – നല്കുകിൽ നേടീടാം;
നമുക്കു നാമേ പണിവതു നാകം – നരകവുമതുപോലെ.”
“ഏകോദരസോദരർ നാമേവരു – മെല്ലാജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടു – മോതപ്രോതങ്ങൾ
അടുത്തുനില്പോരനുജരെ നോക്കാ – നക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാ – ലതിലെന്താശ്ചര്യം?”
”പരാപരാത്മൻ! ഭക്ത്യഭിഗമ്യൻ – ഭവാനെയാർ കാണ്മൂ.
ചരാചരപ്രേമാഞ്ജനമെഴുതിന – ചക്ഷുസ്സില്ലാഞ്ഞാൽ?”
എത്രകണ്ടു ചിന്താബന്ധുരങ്ങളും ആശയഗംഭീരങ്ങളുമാണിവയെന്നു പറയേണ്ടതില്ലല്ലോ. ഹീര (കിരണാവലി) മുതലായ കാവ്യങ്ങളിലെ കലാസൗന്ദര്യം ഏതു ദോഷൈകദൃക്കിനേയും തലകുലുക്കി സമ്മതിപ്പിക്കത്തക്കവണ്ണം മനോജ്ഞമായിട്ടുള്ളതത്രെ.
