പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ആട്ടക്കഥ: കേരളീയസാഹിത്യത്തിൻ്റെ പ്രത്യേകതയെ കാണിക്കുന്നതും ഭാരതമാകെയും ലോകമൊട്ടുക്കുതന്നെയും ഇന്ന് അറിയപ്പെട്ടുകഴിഞ്ഞിട്ടുള്ളതുമായ ഒരു അഭിനയകലാപ്രസ്ഥാനമാണു കഥകളി. കഥ കളിച്ചുകാണിക്കുക അഥവാ അഭിനയിച്ചുകാണിക്കുക എന്നതാണു് കഥകളി എന്ന പദത്തിൻ്റെ അർത്ഥം. ആട്ടക്കഥ എന്നതു് അതിനുള്ള സാഹിത്യത്തേത്തയുമാണ് കുറിക്കുന്നതു് പക്ഷേ, ഇന്നു് ഇപ്പറഞ്ഞ പദങ്ങൾ രണ്ടും കേവലം പര്യായങ്ങൾമാത്രമായിത്തീർന്നിരിക്കയാണു്.

ഉത്പത്തി: മതസംബന്ധമായ ഓരോ ചടങ്ങുകളിൽനിന്നാണു് ഓരോ ദേശങ്ങളിലും ദൃശ്യകലകൾ ഉത്ഭവിച്ചിട്ടുള്ളതെന്നു ചരിത്രം പ്രഖ്യാപിക്കുന്നു. കേരളത്തിലെ ദൃശ്യകലകളുടെ ഉൽപത്തിയും അതിൽനിന്നും അധികംഭിന്നമല്ല. പ്രാചീന കാലങ്ങളിൽ പൂരക്കളിപ്പാട്ട്, കോലടിപ്പാട്ട്, മോഹിനിയാട്ടം മുതലായ ചില അഭിനയങ്ങൾ കേരളക്ഷേത്രങ്ങളിൽ നടപ്പുണ്ടായിരുന്നു. അതുപോലെ തന്നെ മുടിയേറ്റ്, തിറയാട്ടം, തീയ്യാട്ട്, കോലംതുള്ളൽ മുതലായ അഭിനയങ്ങളും. പ്രസ്തുത അഭിനയങ്ങളിൽ പ്രത്യക്ഷപ്പെട്ട ദൃശ്യകല ചാക്യാർകൂത്ത്, കൂടിയാട്ടം, അഷ്ടപദിയാട്ടം എന്നീ മാർഗ്ഗങ്ങളിൽക്കൂടി സഞ്ചരിച്ചു വളർന്നു പരിപുഷ്ടമായിത്തീർന്നിട്ടുള്ള ഒന്നാണ് കേരളത്തിലെ ആട്ടക്കഥ അഥവാ കഥകളിപ്രസ്ഥാനം.