പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ആട്ടക്കഥകളിലെ പദങ്ങളും ദണ്ഡകങ്ങളും എല്ലാം മണിപ്രവാളരൂപങ്ങളാണെന്നു സാമാന്യമായി പറയാം. എന്നാൽ അവയിൽത്തന്നെയും ചിലതു സംസ്കൃത സംപുർണ്ണങ്ങളുമാണു്. ജലന്ധരാസുരവധത്തിൽ:

ഫാലവിലോചന പാലയ മാമഘ – ജാലവിമോചന പാലയ മാം
ശൈലസുതാകുചകുംകുമപങ്കില! – ശൈലവരാലയ പാലയ മാം
നീലവിലോഹിതലോകപതേ! ഹരി – നീലമനോഹര ഭൂതപതേ!
കാലനിഷുടന! ദേവ! നമോ ഹര! – ബാലകലാനിധി ശേഖര! തേ
ചേതന! ഭാവയ സാംബശിവം വൃഷ – കേതന! മാമയ ദാവദവം….
മാരകളേബര! തൂലശുചേ! സുകു – മാരശരീര! സുചാരുരുചേ!
കാരണകാരണ! ചാരണവന്ദിത! – പാഹി നുതാംബുജ തി​​ഗ്മരുചേ!
കാമിമനോരഥകാമധേനോ! ജയ – ഹൈമവതീപരിശോഭിതനോ!
സോമവിഭാകര! പാവകലോചന! – സാമപരായണ! പാഹി വിഭോ!
ഭൂരിധരാധരചാപപതേ! വര – വാരിരുഹാസന സൂതപതേ!
വാരിജനേത്രശരായ ധരാരഥ – വേദഹയായ നമോ ഭവ‌തേ.

എന്നുള്ള നാരദപദം ശുദ്ധസംസ്കൃതം തന്നെ. പക്ഷേ, ഇവിടെ ശ്രോതാക്കൾക്ക് അനുഭവരസത്തെ വരുത്തുന്നതിനുള്ള കവിയുടെ ഔചിത്യവിചാരം മാത്രമായി ഗണിക്കുവാനേ ഉള്ളൂ. എന്നാൽ പലതിലും അങ്ങനെയല്ല കണ്ടുവരാറുള്ളത്. വെറും പാണ്ഡിത്യപ്രകടനത്തിനു മാത്രമാണ് ചിലർ സംസ്കൃതം പ്രയോഗിക്കുന്നതെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.